മഹുവ മോയ്ത്രക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു: എൻ.കെ പ്രേമചന്ദ്രൻ എം.പി
എത്ര രൂപ വാങ്ങിയെന്നോ ഏത് ഗിഫ്റ്റ് കൊടുത്തുവെന്നോ വ്യക്തമായ രൂപമില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി ചൂണ്ടികാട്ടി
ഡൽഹി: എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഹുവ മോയത്രയെ പുറത്താക്കിയ നടപടി തീർത്തും തെറ്റായ പ്രവണതയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മഹുവ മോയ്ത്രക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. യാതൊരു നടപടി ക്രമവും പാലിക്കാതെയുള്ള പുറത്താക്കൽ നടപടിയാണ് ലോക്‌സഭയിലുണ്ടായതെന്നും എം.പി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ വെച്ച് ചോദ്യങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് വേണ്ടി ലോഗിൻ സൗകര്യം കൊടുത്തു എന്നതിന്റെ പേരിൽ ഹിരാൻ നന്ദാനി എന്ന വ്യവസായി ഒരു പാർലിമെന്റ് അംഗത്തിന് കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് എടുത്തിട്ടുള്ളത്. അതേസമയം 2015ൽ രൂപികരിച്ച എത്തിക്‌സ് കമ്മറ്റി ഇതുവരെ കോഡ് ഓഫ് കണ്ടക്ട് തയ്യാറാക്കിയിട്ടില്ല. ഇത് തയ്യാറാക്കിയാൽ മാത്രമേ എത്തിക്‌സ് ഏതാണെന്നും അൺ എത്തിക്‌സ് ഏതാണെന്നും മനസിലാക്കാൻ സാധിക്കുകയുള്ളു.
ആദ്യത്തെ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് മഹുവ മോയ്ത്ര പുറത്താക്കുന്നതിനുള്ള റിപ്പോർട്ടാണ്. ഇതിലെ മൗലികമായ പ്രശ്‌നം സ്വാഭാവികമായ നീതി നടപ്പാക്കിയിട്ടില്ലെന്നതാണ്. പരാതി കൊടുത്ത ബി.ജെ.പി പാർലിമെന്റ് നിഷികാന്ത് ദുബൈ പ്രധാനമായും ആശ്രയിക്കുന്നത് ഹിരിലാൽ നന്ദ എന്ന വ്യവസായിയെയാണ്. ഈ വ്യവസായിയെ എത്തിക്‌സ് കമ്മറ്റി ചോദ്യം ചെയ്യുകയോ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
മഹുവ മോയ്ത്രക്ക് തന്റെ അഭിഭാഷകനെ ഉപയോഗിച്ച് അയാളെ വിസ്തരിക്കാനായിട്ടില്ല. എത്ര രൂപ വാങ്ങിയെന്നോ ഏത് ഗിഫ്റ്റ് കൊടുത്തുവെന്നോ വ്യക്തമായ രൂപമില്ല. ഇതെല്ലാം എത്തിക്‌സ് കമ്മറ്റിയിൽ സ്ഥാപിക്കാൻ അവസരമുണ്ടാകണമെങ്കിൽ ഈ സത്യവാങ്മൂലം കൊടുത്തയാളിനെ ചോദ്യം ചെയ്യാൻ അവസരമുണ്ടാകണമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
Adjust Story Font
16