ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെതിരെ മഹുവ മൊയ്ത്ര ഹൈക്കോടതിയെ സമീപിച്ചു
ജനുവരി ഏഴിനുള്ളിൽ വസതിയൊഴിയാനാണ് മഹുവക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ലോക്‌സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് മഹുവക്ക് നോട്ടീസ് നൽകിയത്. ജനുവരി ഏഴിനുള്ളിൽ വസതിയൊഴിയാനാണ് മഹുവക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ഡിസംബർ 11-നാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഇത് റദ്ദാക്കുകയോ 2024 ലോക്‌സഭാ ഫലം വരുന്നതുവരെ താമസസ്ഥലം കൈവശം വക്കാൻ അനുവദിക്കുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി കോടതി നാളെ പരിഗണിച്ചേക്കും.
അതേസമയം ലോക്‌സഭാംഗത്വം റദ്ദാക്കിയത് ചോദ്യം ചെയ്ത് മഹുവ സമർപ്പിച്ച ഹരജി സുപ്രിംകോടതി ജനുവരി മൂന്നിലേക്ക് മാറ്റിയിരുന്നു. കേസിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച കോടതി മറ്റൊരു പരാമർശത്തിനും തയ്യാറായില്ല. അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയത്.
Adjust Story Font
16