'ബിജെപിയോട് അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'; ബിബിസി റെയ്ഡിൽ പരിഹാസവുമായി മഹുവ മൊയ്ത്ര
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന രണ്ടാം ദിവസവും തുടരുകയാണ്
മഹുവ മൊയ്ത്ര
ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് രണ്ടാം ദിവസവും തുടരുന്നതിനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. 'ബിബിസി ഓഫീസുകളിൽ ഐടി 'സർവെ' ഇന്നും തുടരുന്നു. 'ബിജെപി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യമെന്ററി വന്നതിന് പിന്നാലെയാണ് ബി.ബി.സി ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബുധനാഴ്ചയും റെയ്ഡ് തുടർന്നിരുന്നു.
ബി.ബി.സി ഓഫീസ് റെയ്ഡിന് ശേഷം 'മിസ്റ്റർ എ'ക്കെതിരെ ഇതുപോലൊന്ന് നടത്തുമോയെന്ന് ഇന്നലെ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. ഈ വാലന്റൈൻസ് ഡേ സർവേകൾക്ക് ശേഷം കേന്ദ്രസർക്കാരിന്റെ വിലപിടിപ്പുള്ള സുഹൃത്തായ 'മിസ്റ്റർ എ'യിൽ ഇതുപോലൊന്ന് നടത്തുമോയെന്നായിരുന്നു ട്വീറ്റ് . ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ്, സെബി, ഇ.ഡി എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് അദാനിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള മഹുവയുടെ ട്വീറ്റ്.
റെയ്ഡിന്റെ ഭാഗമായി ഇന്നലെ രാത്രി മുഴുവൻ ഉദ്യോഗസ്ഥർ ബിബിസി ഓഫിസിൽ തന്നെ തുടർന്നു. രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നോട്ടീസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ നടക്കുന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിക്കുന്നു.
ഓഫീസിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ വീടുകളിലേക്ക് മടങ്ങി. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്ന് ബിബിസി ജീവനക്കാരോട് നിർദേശിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് ബി.ബി.സി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.
റെയ്ഡിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. നടക്കുന്നത് സർവ്വേയാണെങ്കിൽ എന്തിന് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുക്കണം എന്നാണ് അദ്ദേഹം ചോദിച്ചത്. പരിശോധന മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇടപെടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് & ഡിജിറ്റൽ അസോസിയേഷൻ വ്യക്തമാക്കി.
Adjust Story Font
16