'ഇത് നിങ്ങളുടെ അവസാനമാണ്. കണ്ടിട്ടേ പോകൂ'; പാർലമെന്റിന് പുറത്ത് മഹുവ മൊയ്ത്ര നടത്തിയ തീപ്പൊരി പ്രസംഗം
"ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങൾ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും."
മുസ്‌ലിം എംപിയെ ഭീകരവാദി എന്നു വിളിച്ച ബിജെപി അംഗത്തിനെതിരെ ചെറുവിരൽ അനക്കാത്ത സഭയാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് മഹുവ മൊയ്ത്ര എം.പി. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം സഭയ്ക്ക പുറത്ത് സംസാരിക്കുകയായിരുന്നു മഹുവ.
മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന്റെ പൂർണരൂപം
പാർലമെന്റിനകത്ത് എന്നെ സംസാരിക്കാൻ അനുവദിക്കാത്തതു കൊണ്ട് പുറത്തുവച്ച് ഞാൻ സംസാരിക്കുന്നു. ഇൻഡ്യ സഖ്യത്തിലെ എല്ലാവർക്കും നന്ദി. എന്റെ കൂടെ നിന്ന എല്ലാവർക്കും എന്റെ പാർട്ടിക്കും നന്ദി. വനിതാ സംവരണ ബിൽ പാസാക്കിയ സഭയാണ് പതിനേഴാം ലോക്‌സഭ. എന്നാൽ 78 വനിതാ അംഗങ്ങളിൽനിന്ന ഒരാൾക്കു നേരെ മർക്കടമുഷ്ടി നിറഞ്ഞ വേട്ട നടത്തിയ സഭയാണിത്. ബംഗ്ലാദേശ് അതിർത്തിയിൽനിന്നുള്ള ഒരു മണ്ഡലത്തിൽനിന്നാണ് ഞാൻ വരുന്നത്.
അംഗങ്ങളുടെ ധാർമിക പ്രേരണയ്ക്കായി സ്ഥാപിക്കപ്പെട്ട എത്തിക്‌സ് കമ്മിറ്റിയെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഈ സഭ. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അതു ചെയ്തിട്ടുള്ളത്. ഈ കമ്മിറ്റിയും ഈ റിപ്പോർട്ടും നിയമത്തിലെ എല്ലാറ്റിനെയും തകർത്തു കളഞ്ഞു. ഞാൻ കുറ്റക്കാരിയാണ് എന്ന നിങ്ങളുടെ കണ്ടെത്തൽ ധാർമികതയ്ക്ക് നിരക്കാത്തതും നിലനിൽക്കാത്തതുമാണ്. രണ്ടു സ്വകാര്യ വ്യക്തികളുടെ രേഖാമൂലമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് എനിക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. എന്നാൽ അവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്. ഒരു വ്യവസായിയുടെ വാണിജ്യ താത്പര്യത്തിനു വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി ഞാൻ പണം വാങ്ങി എന്നാണ് പരാതിക്കാർ പറയുന്നത്. എന്റെ അജണ്ടയ്ക്ക് പിൻബലമേകാൻ വേണ്ടി ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഞാൻ സമ്മർദം ചെലുത്തി എന്നാണ് വ്യവസായിയുടെ സത്യവാങ്മൂലം പറയുന്നത്. രണ്ടും വിരുദ്ധധ്രുവങ്ങളിലുള്ളതാണ്. രണ്ട് സ്വകാര്യ പൗരന്മാരിൽ ഒരാൾ എന്റെ വേർപിരിഞ്ഞ പങ്കാളിയാണ്. ഇക്കാര്യത്തിൽ എനിക്ക് ക്രോസ് വിസ്താരത്തിനുള്ള അവസരം നൽകേണ്ടിയിരുന്നു. എന്നാൽ എത്തിക്‌സ് കമ്മിറ്റി ഇക്കാര്യം മനസ്സിലാകാതെ എനിക്കെതിരെ ശിക്ഷ വിധിച്ചു. പണവും പാരിതോഷികവും വാങ്ങി എന്നതിന് കമ്മിറ്റിക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല.
എന്നെ നിശ്ശബ്ദനാക്കി അദാനി വിഷയത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് മോദി ഗവൺമെന്റ് വിചാരിക്കുന്നു എങ്കിൽ, ഞാനൊരു കാര്യം പറയട്ടെ, നിങ്ങൾ കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും അദാനി എത്ര നിങ്ങൾക്ക് എത്ര പ്രധാനമാണ് എന്ന് ഈ കംഗാരു കോടതി കാണിച്ചിട്ടേ ഉള്ളൂ. ഒരു വനിതാ പാർലമെന്റ് അംഗത്തെ ബുദ്ധിമുട്ടിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും. നാളെ സിബിഐ എന്റെ വീട്ടിൽ വരും. അടുത്ത ആറു മാസത്തേക്ക് എന്നെ ഉപദ്രവിക്കുമെന്നും എനിക്കുറപ്പാണ്. എന്നാൽ 13,000 കോടിയുടെ കൽക്കരി അഴിമതിയിൽ സിബിഐയും ഇഡിയും അദാനിയുടെ അടുത്തേക്ക് പോകാത്തതെന്താണ്? ലോഗിൻ പോർട്ടൽ വഴി ദേശസുരക്ഷയെ അപകടപ്പെടുത്തി എന്നാണോ നിങ്ങൾ പറയുന്നത്. അദാനി നമ്മുടെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങുന്നു. അദ്ദേഹത്തിന്റെ ഓഹരിയുടമകൾ എല്ലാം വിദേശ പ്രൊഫഷണലുകളാണ്. ആഭ്യന്തര മന്ത്രാലയം ഇതിനെല്ലാം അനുമതി നൽകുന്നു.
രമേശ് ബിദൂരി പാർലമെന്റിൽ എഴുന്നേറ്റ് നിന്ന് ഡാനിഷ് അലി എംപിയോട് (20 കോടി മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന 26 പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. സ്വന്തം പാർട്ടിയിലെ 303 അംഗങ്ങളിൽ ബിജെപിക്ക് ഒരു മുസ്‌ലിം അംഗം പോലുമില്ല) ഈ ഭീകരവാദി, ഈ ഭീകരവാദി എന്നു പറഞ്ഞു. ഒരു നടപടിയും എടുത്തില്ല. നിങ്ങൾ ന്യൂനപക്ഷത്തെ വെറുക്കുന്നു. സ്ത്രീകളെ വെറുക്കുന്നു. നിങ്ങൾ നാരീശക്തിയോട് അറപ്പുകാട്ടുന്നു. നിങ്ങൾക്ക് അധികാരം കൈയാളാനാകില്ല. എനിക്ക് 49 വയസ്സായി. അടുത്ത 30 വർഷം പാർലമെന്റിന് അകത്തും പുറത്തും വച്ച് ഞാൻ നിങ്ങളോട് പൊരുതും. തെരുവിൽ വച്ചും പോരടിക്കും. പഞ്ചാബ് സിന്ധ് ഗുജറാത്ത് ദ്രാവിഡ ഉത്കല ബംഗാ.. നിങ്ങളുടെ കൈയിൽ പഞ്ചാബില്ല. ദ്രാവിഡം നിങ്ങളുടേതല്ല. ഉത്കലവും ബംഗാളും നിങ്ങളുടെ അടുത്തില്ല. എത്തിക്‌സ് കമ്മിറ്റിക്ക് പുറത്താക്കാനുള്ള അധികാരമില്ല. ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങൾ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും.
Adjust Story Font
16