ഇ.ഡിക്കും സി.ബി.ഐക്കും മുന്നിൽ അടിപതറാതെ മഹുവ മൊയ്ത്ര; പാർലമെന്റിലേക്ക് വീണ്ടും മാസ് എൻട്രി
എം.പി സ്ഥാനം നഷ്ടപ്പെട്ട ശേഷവും ബി.ജെ.പി മഹുവയെ നിരന്തരം വേട്ടയാടി
കൊൽക്കത്ത: പാർലമെന്റിലും പുറത്തും എന്നും ബി.ജെ.പിയുടെ പേടിസ്വപ്നമാണ് തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ഒരുപാട് തവണ അവർ ചോദ്യമുനയിൽ നിർത്തിപ്പൊരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഇവരെ പാർലമെന്റിൽ നിന്ന് ‘പിൻവാതിലിലൂടെ’ പുറത്താക്കിയതും.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ എം.പി സ്ഥാനം എടുത്തുകളഞ്ഞത്. എന്നാൽ, തന്നെ പുറത്താക്കിയ പാർലമെന്റിലേക്ക് ജനവിധിയിലൂടെ കൂടുതൽ കരുത്തോടെ തിരിച്ചുവരികയാണ് അവർ. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് 57,083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹുവ വിജയിച്ചത്. രാജകുടുംബാംഗമായ ബി.ജെ.പിയുടെ അമൃത റോയിയെയാണ് പരാജയപ്പെടുത്തിയത്.
എന്നും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച നേതാവാണ് മഹുവ മൊയ്ത്ര. ബി.ജെ.പിക്ക് കീഴിൽ രാജ്യം ഫാഷിസത്തിലേക്ക് പോവുകയാണെന്ന തീപ്പൊരി പ്രസംഗവുമായിട്ടാണ് അവർ പാർലമെന്റിൽ വരവറിയിച്ചത്. ഈ പ്രസംഗം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നീടങ്ങോട് നിരന്തരം സർക്കാറിന് വിമർശിച്ച് മഹുവ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഒടുവിൽ പാർലമെന്റിൽനിന്ന് പുറത്താക്കുമ്പോഴും ബി.ജെ.പിയെ കടന്നാക്രമിക്കാൻ അവർ മടിച്ചില്ല. ‘ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങൾ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും’ എന്ന് പറഞ്ഞാണ് ഇവർ പാർലമെന്റിൽ നിന്ന് പുറത്തുപോകുന്നത്.
എം.പി സ്ഥാനം നഷ്ടപ്പെട്ട ശേഷവും ബി.ജെ.പി മഹുവയെ നിരന്തരം വേട്ടയാടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയുമെല്ലാം അവരുടെ പിറകെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കേന്ദ്ര ഏജൻസികൾ ഇവർക്ക് ചുറ്റും വട്ടമിട്ട് പറഞ്ഞു. തന്റെ പ്രചാരണം തടസ്സപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബി.ജെ.പി സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇത് കൂടാതെ വ്യാജ വീഡിയോകൾ വരെയിറക്കി ഇവരെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ജനങ്ങളുടെ മനസ്സിൽ നിന്ന് മഹുവയെ കുടിയിറക്കാനാകില്ലെന്ന് കൃഷ്ണനഗറിലെ ജനവിധി തെളിയിക്കുന്നു.
അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായാണ് മഹുവയുടെ ജനനം. കൊൽക്കത്തയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കാലത്തു തന്നെ പഠനത്തിൽ മികവ് തെളിയിച്ചു. മസാച്യൂസെറ്റ്‌സിലെ മൗണ്ട് ഹോളിയോകെ കോളജിൽ ഗണിതശാസ്ത്രത്തിൽ ബിരുദ പഠനം നടത്താൻ സ്‌കോളർഷിപ്പ് സ്വന്തമാക്കി. അവിടെ പഠനത്തിനുശേഷം ന്യൂയോർക്കിലും ലണ്ടനിലും വൻ ശമ്പളത്തിൽ ജെ.പി മോർഗനിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്തു.
ജെ.പി മോർഗനിൽ വൈസ് പ്രസിഡന്റായിരിക്കെയാണ് മഹുവ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചെത്തുന്നത്. രാഷ്ട്രീയത്തിൽ ഭാവി പരീക്ഷിക്കാനായിരുന്നു ആ വരവ്. രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തിലൂടെ കോൺഗ്രസിലായിരുന്നു രാഷ്ട്രീയ കരിയറിനു തുടക്കമിട്ടത്. യൂത്ത് കോൺഗ്രസ് അംഗമായി. ബംഗാളിൽ കോൺഗ്രസ് നടത്തിയ 'ആം ആദ്മി കാ സിപാഹി' പരിപാടിയുടെ ചുമതല രാഹുൽ വിശ്വസിച്ച് ഏൽപിച്ചത് മഹുവയെയായിരുന്നു.
എന്നാൽ, 2010ൽ തൃണമൂൽ കോൺഗ്രസിലേക്കു കൂടുമാറി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ സി.പി.എം ഭരണം അവസാനിപ്പിച്ച് മമത ബാനർജി ചരിത്രവിജയം നേടുന്നതിനു തൊട്ടുമുമ്പായിരുന്നു കൂടുമാറ്റം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നദിയ ജില്ലയിലെ കരീംപുരിൽന്ന് മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിന് ബംഗാൾ നിയമസഭയിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്കും അതുവഴി ദേശീയശ്രദ്ധയിലേക്കും നടന്നുകയറുകയായിരുന്നു മഹുവ മൊയ്ത്ര.
Adjust Story Font
16