Quantcast

കേന്ദ്രത്തിനെതിരെ ജനകീയ ബോധവൽക്കരണ കാമ്പയിൻ; സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കും; പ്ലീനറി സമ്മേളന തീരുമാനങ്ങൾ

ചെറുകിട ബിസിനസുകളുടെയും വ്യാപാരികളുടേയും പ്രയോജനത്തിനായി ജി.എസ്.ടി വളരെ ലളിതമാക്കുകയും ഗണ്യമായി മെച്ചപ്പെടുത്തുകയും വേണം.

MediaOne Logo

Web Desk

  • Published:

    26 Feb 2023 2:45 PM GMT

main decisions taken by congress in plenary session raipur
X

റായ്പൂർ: കേന്ദ്രത്തിനെതിരെ ജനകീയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാനും ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാനും റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനം. അടുത്തവർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമുറപ്പാക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കത്തോടയും ഐക്യത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കണമെന്നും പ്ലീനറി സമ്മേളനം നിർദേശിച്ചു.

സമ്മേളനത്തിലെ പ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും

1. കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ ലക്ഷക്കണക്കിന് പേർ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ഇന്ന് കോൺഗ്രസ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് കൃത്യമായൊരു ബദലാണ് മുന്നോട്ടുവയ്ക്കുന്നത്. കുറച്ചുമാസങ്ങൾക്ക് ശേഷം, കോൺഗ്രസിന്റെ സുപ്രധാന സംഘടനങ്ങളിലൊന്നായ സേവാദളിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാർട്ടിയുടെ ബഹുജന സമ്പർക്ക പരിപാടികളിലേക്ക് പുത്തൻ ഊർജം പകരുന്നതിനുള്ള ഒരു അവസരമായിരിക്കും അത്.

2. കോൺഗ്രസ് മാത്രമാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും അവരുടെ നിന്ദ്യമായ രാഷ്ട്രീയത്തോടും വിട്ടുവീഴ്ച ചെയ്യാത്ത ഏക പാർട്ടി. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ- വർഗീയ- ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയത്തിനെതിരെ നമ്മുടെ രാഷ്ട്രീയ മൂല്യങ്ങൾ സംരക്ഷിക്കാൻ എന്നും പോരാടും. ഭരണഘടനയെ എല്ലാവിധത്തിലും സംരക്ഷിക്കുന്നതിനും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുമുള്ള പൊതുവായതും ക്രിയാത്മകവുമായ പരിപാടിയുടെ അടിസ്ഥാനത്തിൽ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി പ്രവർത്തിക്കാൻ തയ്യാറാണ്.

3. കർണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ പാർട്ടി വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതിൽ വിജയമുറപ്പാക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കത്തോടയും ഐക്യത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കണം. ഈ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

4. ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നമ്മുടെ സർക്കാരുകൾ രാജ്യത്തിന് മാതൃകയാണ്. ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ പുതിയ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാ ആത്മാർഥതയോടെയും നിറവേറ്റുകയാണ്.

5. 2000-2014 ദശകത്തിൽ കോൺഗ്രസ് എക്കാലത്തെയും ഉയർന്ന ജി.ഡി.പി വളർച്ച കൈവരിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, വനാവകാശ നിയമം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി നിരവധി പരിവർത്തന അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമാണങ്ങൾ അവതരിപ്പിച്ചു.

കഴിഞ്ഞ എട്ടര വർഷമായി നശിച്ചുപോയ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തെ പുനരുജ്ജീവിപ്പിക്കുകയും ദ്രുതഗതിയിലുള്ള വളർച്ചയുടെയും തൊഴിലവസരത്തിന്റേയും കേന്ദ്രമാക്കുകയും വേണം. യുവാക്കൾക്കുള്ള ക്ലസ്റ്റർ അധിഷ്ഠിത നൈപുണ്യ വികസന പരിപാടികളിലൂടെയും തൊഴിൽ-ഉപഭോക്തൃ ഉൽപ്പാദനത്തിന് സമർപ്പിത ഫണ്ടിങ്ങിലൂടെയും സാങ്കേതിക പിന്തുണയിലൂടെയുമാണ് അത് ചെയ്യേണ്ടത്.

ചെറുകിട ബിസിനസുകളുടെയും വ്യാപാരികളുടേയും പ്രയോജനത്തിനായി ജി.എസ്.ടി വളരെ ലളിതമാക്കുകയും ഗണ്യമായി മെച്ചപ്പെടുത്തുകയും വേണം. കൂടാതെ സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം. കർഷകരെയും കൃഷിത്തൊഴിലാളികളേയും മുഖ്യധാരയിലെത്തിക്കാൻ കാർഷിക നയങ്ങളും പരിഷ്‌കാരങ്ങളും പുനഃക്രമീകരിക്കണം.

കടാശ്വാസം, നിയമപരമായി ഉറപ്പുള്ള മിനിമം താങ്ങുവില തുടങ്ങിയ നടപടികളിലൂടെ കർഷകരെ സംരക്ഷിക്കണം. ദ്രുതഗതിയിലുള്ള വളർച്ചയുടെ ഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കാൻ സമ്പൂർണ സാമാജിക് സുരക്ഷാ, സ്ത്രീ-കേന്ദ്രീകൃത ന്യായ് പദ്ധതി, ആരോഗ്യത്തിനുള്ള സാർവത്രിക അവകാശ നിയമം തുടങ്ങിയവ അവതരിപ്പിക്കണം. സാമൂഹിക നീതിയുടെ അടിത്തറ ഉറപ്പിക്കലും ഉടൻ ജാതി സെൻസസ് നടത്തലും നിർണായകമാണ്.

പുനരുജ്ജീവിപ്പിച്ച കോൺഗ്രസിനെ ഇന്ത്യ കാത്തിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റേയും വിഘടന ശക്തികളെ പരാജയപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയുടെ കോടിക്കണക്കിന് പ്രവർത്തകർ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം കാത്തുസൂക്ഷിക്കണം. ലോകമാകെ കണ്ടുകൊണ്ടിരിക്കുന്ന ചങ്ങാത്ത മുതലാളിത്ത ഭരണത്തിനെതിരെ ജനകീയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കും. ശക്തവും ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെയും പൊതു ലക്ഷ്യത്തോടെയുമാണ് റായ്പൂർ പ്ലീനറി സമ്മേളനം അവസാനിപ്പിക്കുന്നത്.

TAGS :

Next Story