മുംബൈയിൽ വീണ്ടും ലഹരി വേട്ട; 120 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
അതേസമയം എറണാകുളം സ്വദേശി അറസ്റ്റിലായ കേസിൽ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് അന്വഷണം പുരോഗമിക്കുന്നത്
മുംബൈ: മുംബൈയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ആണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം എറണാകുളം സ്വദേശി അറസ്റ്റിലായ കേസിൽ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് അന്വഷണം പുരോഗമിക്കുന്നത്.
ഗോഡൗണിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡി എന്നറിയപ്പെടുന്ന 60 കിലോ മയക്കുമരുന്ന്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ മുഖ്യ സൂത്രധാരൻ ഉൾപ്പടെ 6 പേരാണ് പിടിയിലായത്. ഇതിൽ പിടിയിലായ മുംബൈ സ്വദേശിയും കടത്തൽ സംഘത്തിലെ പ്രധാനിയുമായ പ്രതി മുൻ എയർ ഇന്ത്യ പൈലറ്റ് ആയിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് ബാക്കി 5 പ്രതികളെയും അന്വേഷണ സംഘം പിടികൂടിയത്. അതേസമയം മലയാളിയായ വിജിൻ വർഗീസ് അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് ഡി.ആർ.ഐ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലേക്ക് അയച്ച കണ്ടെയ്നറിൽ മയക്ക് മരുന്ന് വെച്ചത് താൻ തന്നെ ആണെന്ന് ദക്ഷിണാഫ്രക്കൻ പൊലീസിന് ഗുജറാത്ത് സ്വദേശിയായ അമൃത് പട്ടേൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അമൃത് പട്ടേൽ ആണ് മോർ ഫ്രഷ് എന്ന സ്ഥാപനത്തിന്‍റെ കണ്ടെയ്നറിൽ ലഹരി മരുന്ന് കടത്തിയത് എന്ന് കേസിൽ ഉൾപ്പെട്ട മറ്റൊരു മലയാളിയായ മൻസൂർ തച്ചപ്പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16