കോണ്‍ഗ്രസുകാരുടെ ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല; മോദിയെ പരിഹസിച്ചതിനെതിരെ അസം മുഖ്യമന്ത്രി
മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പവന്‍ ഖേരയുടെ പരാമര്‍ശം
ഹിമന്ത ബിശ്വ ശര്‍മ
ദിസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോൺഗ്രസുകാരുടെ ഭയാനകമായ പരാമർശങ്ങൾ രാജ്യം പൊറുക്കില്ലെന്നും ശർമ ചൂണ്ടിക്കാട്ടി.
'' ഒരു തെറ്റും വരുത്തരുത്. പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ചുള്ള പവൻ ഖേരയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്‍റെ ഉന്നതര്‍ അറിഞ്ഞതുകൊണ്ടാണ്. അത് സാധാരണക്കാരനായ ഒരാള്‍ പ്രധാനമന്ത്രിയായതുകൊണ്ടുള്ള അവജ്ഞയില്‍ നിന്നുണ്ടായതാണ്. മോദിക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും രാജ്യം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല'' ഹിമന്ത ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പരേതനായ പിതാവിനെ കോൺഗ്രസ് നേതാവ് മനഃപൂർവം പരിഹസിച്ചുവെന്ന് ആരോപിച്ച് നഗരത്തിലെ ബി.ജെ.പി നേതാവ് മുകേഷ് ശർമയുടെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് തിങ്കളാഴ്ച ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ശർമയുടെ വാക്കുകള്‍. കോൺഗ്രസ് നേതാക്കൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പവന്‍ ഖേരയുടെ പരാമര്‍ശം. അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം. "നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പേരിന് എന്താണ് പ്രശ്‌നം?" അദ്ദേഹം ചോദിച്ചു. "ഗൗതം ദാസാണോ ദാമോദർ ദാസാണോ?. പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ ഗൗതം ദാസിന് സമാനമാണ്"- അദ്ദേഹം പറഞ്ഞു. "ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്ന് താൻ ശരിക്കും ആശയക്കുഴപ്പത്തിലായി" എന്ന് പിന്നീട് ഒരു ട്വീറ്റിലൂടെയും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16