യു.പി പൊലീസ് തടവിലാക്കിയ മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി
36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിഞ്ഞത്
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങാനായത്. ലഖ്നൗ അഡീഷനൽ ജില്ലാ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിഞ്ഞത്. ജയില്‍ മോചിതരായവര്‍ നാളെ രാവിലെ 11ന് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തും.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്‍റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അൻഷാദിന്‍റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്‍റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചിരുന്നു. തടവിലാക്കപ്പെട്ടവരെ കാണാൻ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നതും കാണാനെത്തിയവർക്കെതിരെ കള്ളക്കേസ് ചുമത്തുന്നതും അന്യായമാണെന്ന് പോപുലർ ഫ്രണ്ട് കുറ്റപ്പെടുത്തി. സംഘടനാ പ്രവർത്തനങ്ങൾക്കായി യു.പിയിൽ യാത്ര ചെയ്യുമ്പോൾ ഈ വർഷം ഫെബ്രുവരി 11നാണ് അൻഷാദ് ബദറുദ്ദീനും ഫിറോസും അറസ്റ്റിലായത്. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. യു.പി എ.ടി.എസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Adjust Story Font
16