വ്യാജരേഖ ചമച്ചെന്ന് ആരോപണം; മലയാളിയായ മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ അറസ്റ്റിൽ
ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നീവർക്കെതിരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്
വ്യാജരേഖ ചമച്ചെന്ന് കുറ്റപ്പെടുത്തി ഗുജറാത്ത് ഡി.ജി.പിയും ഐപിഎസ് ഓഫീസറുമായിരുന്ന മലയാളി ആർ.ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നീവർക്കെതിരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണ്.
ഗുജറാത്ത് കലാപത്തിൽ വ്യാജ വിവരം നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം നേരിടേണ്ടി വന്നതിന് പിറകെയാണ് ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയിലെത്തിയിരുന്നു. പിന്നീടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെ മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
ഇന്ത്യൻ പീനൽ കോഡ് 468 പ്രകാരം സെതൽവാദടക്കമുള്ള നിരവധി പേർക്കെതിരെ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകാനാണ് ഗുജറാത്ത് പൊലീസ് എത്തിയതെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകൻ നേരത്തെ വെളിപ്പെടുത്തിയത്. മൂന്നു മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്ന് ടീസ്റ്റയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജിയിൽ ടീസ്റ്റ സെതൽവാദും കക്ഷി ചേർന്നിരുന്നു.
2002 കലാപത്തെ കുറിച്ച് ടീസ്റ്റ സെതൽവാദ് അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് കൈമാറിയെന്നായിരുന്നു വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ ആരോപിച്ചിരുന്നത്. ഗുജറാത്ത് കലാപക്കേസിൽ സത്യം തെളിഞ്ഞെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരോപണങ്ങളിൽ അദ്ദേഹം വേദനിക്കുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാ ഗൂഢാലോചനയും പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ബിജെപിയുടെ മേൽ വീണ കറ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 2017 ഒക്ടോബർ 5ലെ ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സാക്കിയ ജഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നായിരുന്നു സാക്കിയ ജഫ്രിയുടെ ഹരജിയിലെ ആരോപണം. എന്നാൽ സാക്കിയ ജഫ്രി പ്രവർത്തിച്ചത് ചിലരുടെ നിർദേശപ്രകാരമാണെന്ന് അമിത് ഷാ പറഞ്ഞു. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രിംകോടതിയിൽ വാദിച്ചത്. മുകുൾ റോത്തഗി പ്രത്യേക അന്വേഷണസംഘത്തിനായും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗുജറാത്ത് സർക്കാറിനായും ഹാജരായിരുന്നു.
2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട 68 പേരിൽ ഒരാളായിരുന്നു ഇഹ്‌സാൻ ജഫ്രി. 2012 ഫെബ്രുവരി 8നാണ് പ്രത്യേക അന്വേഷണ സംഘം മോദിക്കും 63 പേർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചത്. മോദിക്കെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.
എസ്.ഐ.ടിയുടെ റിപ്പോർട്ടിനെതിരായ തന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2017 ഒക്ടോബർ 5ലെ ഉത്തരവിനെ ചോദ്യംചെയ്താണ് സാക്കിയ ജഫ്രി സുപ്രിംകോടതിയെ സമീപിച്ചത്. 2018ലാണ് സാക്കിയ ജഫ്രി സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹരജിയിൽ വാദം തുടങ്ങിയത്. കപിൽ സിബലാണ് സാക്കിയ ജഫ്രിക്കായി ഹാജരായത്. എസ്.എ.ടി തങ്ങൾക്ക് മുൻപിൽ വന്ന തെളിവുകളൊന്നും പരിശോധിച്ചില്ലെന്ന് കപിൽ സിബൽ വാദിച്ചു. നിഷ്പക്ഷ അന്വേഷണം നടത്താതിരുന്ന എസ്.എ.ടിക്കെതിരെ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് സുപ്രിംകോടതിയുടെ വിധി.
Malayalee IPS officer RB Sreekumar arrested in Gujarat
Adjust Story Font
16