Quantcast

മുണ്ടുടുത്തതിന് കേരളപ്പിറവി ദിനത്തിൽ ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം

ഹരിയാന രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ എത്തിയ മൂന്നു പേർ ചേർന്നാണ് മർദിച്ചത്.

MediaOne Logo

Web Desk

  • Published:

    2 Nov 2022 2:02 AM GMT

മുണ്ടുടുത്തതിന് കേരളപ്പിറവി ദിനത്തിൽ ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം
X

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് കേരളപ്പിറവി ദിനത്തിൽ വസ്ത്രത്തിന്റെ പേരിൽ മർദനം. ഡൽഹി സർവകലാശാല നോർത്ത് ക്യാമ്പസിൽ വച്ചാണ് മുണ്ടുടുത്തതിന്റെ പേരിൽ നാല് വിദ്യാർഥികൾക്ക് മർദനമേറ്റത്. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖിൽ, കണ്ണൂർ സ്വദേശി ഗൗതം, ജെയിംസ് എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

ഹരിയാന രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ എത്തിയ മൂന്നു പേർ ചേർന്നാണ് തങ്ങളെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. മുണ്ടുടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ പരിഹസിച്ചു. പോവാൻ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുവന്ന് മർദിക്കുകയായിരുന്നെന്നും വിഷ്ണു പ്രസാദ് വ്യക്തമാക്കി.

ശ്രീറാം കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ വിഷ്ണു പ്രസാദിനെ അക്രമികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തുക്കൾക്കും മർദനമേറ്റത്. ഗൗതമും അഖിലും ഹിന്ദു കോളജിലെയും ജെയിംസ് ജാമിഅ മില്ലിയ സർവകലാശാലയിലേയും വിദ്യാർഥികളാണ്.

കൈയിൽ കെട്ടിയ ചരട് ഉയർത്തിക്കാട്ടിയ ആക്രമികൾ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ്റെ ആളുകളാണ് തങ്ങളെന്ന് സ്വയം വെളിപ്പെടുത്തിയതായും മർദനമേറ്റവർ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

മലയാളി വിദ്യാർഥികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായി എ.എ റഹീം എം.പി പറഞ്ഞു. ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ഉണ്ടാകുന്ന വംശീയ ആക്രമണത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഈ നാല് പേർ.

അതേസമയം, സർവകലാശാലയ്ക്ക് ഉള്ളിലും മലയാളി വിദ്യാർഥികളോട് വിവേചനം തുടരുന്നതായി പരാതിയും ഉയരുന്നുണ്ട്. വിവിധ കോഴ്സുകളിലേക്കുള്ള പാതി സീറ്റുകളിലും അഡ്മിഷൻ പൂർത്തിയായപ്പോൾ ഇതുവരെ 15 മലയാളികൾക്ക് മാത്രമാണ് ഡൽഹി സർവകലാശാല അവസരം നൽകിയത്.

TAGS :

Next Story