കർണാടകയിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു
ആറു തവണ എം.എൽ.എ ആയിട്ടുള്ള ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്‌സൽപൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ആറു തവണ എം.എൽ.എ ആയിട്ടുള്ള ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്‌സൽപൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
1985നും 2013നും ഇടയിൽ ആറു തവണ അഫ്‌സൽപൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഗുട്ടേദാർ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിൽ ചേർന്നത്. സഹോദരൻ നിതിൻ ഗുട്ടേദാറിനെ അടുത്തിടെ ബി.ജെ.പി അംഗത്വം നൽകിയതാണ് മലികയ്യ ഗുട്ടേദാറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഫ്‌സൽപൂരിൽ മത്സരിച്ച മലികയ്യ ഗുട്ടേദാർ കോൺഗ്രസ് സ്ഥാനാർഥി എം.വൈ പാട്ടീലിനോട് പരാജയപ്പെട്ടിരുന്നു. ഇവിടെ സഹോദരൻ നിതിൻ ഗുട്ടേദാർ സ്വതന്ത്രനായി മത്സരിച്ചതാണ് മലികയ്യക്ക് തിരിച്ചടിയായത്. 51,719 വോട്ട് നേടി നിതിൻ ഗുട്ടേദാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 31,394 വോട്ട് ലഭിച്ച മലികയ്യ ഗുട്ടേദാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ച ശേഷമാണ് മലികയ്യ ഗുട്ടേദാർ കോൺഗ്രസിലേക്ക് തിരിച്ചെത്തിയതെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നതെന്നും ശിവകുമാർ പറഞ്ഞു.
Adjust Story Font
16