'ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണം'; ഇൻഡ്യ യോഗത്തിൽ നിർദേശവുമായി മമതയും കെജ്‌രിവാളും
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന് ഇൻഡ്യ മുന്നണി യോഗത്തിൽ നിർദേശം. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയാണ് ആവശ്യമുന്നയിച്ചത്. ഈ നിർദേശത്തെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ പിന്തുണച്ചു.
എന്നാൽ നിർദേശം ഖാർഗെ നിരസിച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലാണ് ആദ്യ ശ്രദ്ധയെന്നും പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്നത് പിന്നീട് തീരുമാനിക്കാമെന്നും ഖാർഗെ പറഞ്ഞു. ഇത്തരം ചർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്നും ഖാർഗെ അറിയിച്ചു.
'ഇൻഡ്യ മുന്നണി ആദ്യം വിജയിക്കണം. വിജയിക്കാൻ എന്ത് ചെയ്യണമെന്നാണ് ചിന്തിക്കേണ്ടത്. എം.പിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം? മുന്നണി ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കും'- മുന്നണി യോഗം അവസാനിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. പാർലമെന്റ് സുരക്ഷാ വീഴ്ചയിലും എം.പിമാരെ പുറത്താക്കിയതിലും വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്താനുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളും യോഗത്തിലുണ്ടായി. അന്നേദിവസം ജനാധിപത്യ സംരക്ഷണ ദിവസമായി ആചരിക്കുമെന്നും മുന്നണി പറഞ്ഞു.
സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ഇൻഡ്യ മുന്നണി യോഗത്തിൽ തീരുമാനമായി. 28 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. വി.വി പാറ്റ് സ്ലിപ്പ് വോട്ടർമാർക്ക് നൽകി പ്രത്യേക ബോക്‌സിൽ നിക്ഷേപിക്കാൻ സംവിധാനമൊരുക്കണമെന്ന പ്രമേയം ഇൻഡ്യ മുന്നണി പാസാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഇൻഡ്യ മുന്നണി വ്യക്തമാക്കി.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തർക്കങ്ങൾ ഉയർന്നിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് മുന്നണി തീരുമാനം.
Adjust Story Font
16