Quantcast

എല്ലാ കടകളിലും രാമക്ഷേത്ര മോഡൽ സ്ഥാപിക്കണം; ഇല്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന് ഇൻഡോർ മേയറുടെ ഭീഷണി

ക്ഷേത്ര മാതൃകകൾ സ്ഥാപിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും മേയർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 Jan 2024 4:18 PM GMT

malls should be install ram temple replicas or face action says indore mayor
X

ഇൻഡോർ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി എല്ലാ കടകളിലും മാളുകളിലും ക്ഷേത്രത്തിന്റെ ചെറുമോഡലുകൾ സ്ഥാപിക്കണമെന്ന ഭീഷണി​യുമായി ഇൻഡോർ മേയർ. സ്ഥാപിച്ചില്ലെങ്കിൽ അവരെ പാഠം പഠിപ്പിക്കുമെന്നും മേയർ പുഷ്യാമിത്ര ഭാർഗവ് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

‘ക്രിസ്മസിന് മാളുകളിലും റെസ്റ്റോറന്റുകളിലും ക്രിസ്മസ് ട്രീയും സാന്താക്ലോസും സ്ഥാപിക്കാമെങ്കിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം ക്ഷേത്ര മാതൃക സ്ഥാപിക്കുന്നതിന് എന്താണ് തടസം? ഒരു കാരണവുമില്ലാതെ ആരെങ്കിലും ഇതുമായി സഹകരിക്കാതിരുന്നാൽ അവരെ പാഠം പഠിപ്പിക്കും’- മേയർ പറഞ്ഞു.

'ഇത് രാം ജിയുടെ രാമരാജ്യത്തിന്റെ സൃഷ്ടിയാണ്. ക്ഷേത്ര മാതൃകകൾ സ്ഥാപിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല’- മേയർ കൂട്ടിച്ചേർത്തു.

അതേസമയം, മേയറുടെ പരാമർശത്തിനെതി​രെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. രാമക്ഷേത്ര രൂപമോ സാന്താക്ലോസോ സ്ഥാപിക്കാൻ ആരെയും നിർബന്ധിക്കരുതെന്നും അത് സ്വേച്ഛാധിപത്യത്തിന്റെ തെളിവാണെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.

നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിംകൾ പള്ളികളിലും ദർഗകളിലും മദ്രസകളിലും “ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം” എന്ന് വിളിക്കണമെന്ന് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്.

ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് എന്നിവ കൂടാതെ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരും അയോധ്യയിലെ പ്രതിഷ്ഠാദിന ചടങ്ങിനോടനുബന്ധിച്ച് അതാത് മതകേന്ദ്രങ്ങളിൽ സമാധാനം, ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രാർഥനകൾ അർപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.




TAGS :

Next Story