നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കായി മമത ഇന്ന് ഡല്‍ഹിയില്‍
ബിഎസ്എഫിന്‍റെ അധികാര പരിധി വർധിപ്പിച്ചത് പിൻവലിക്കാനും സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടും
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് പ്രധാനമന്ത്രിയെ കാണും. ബിഎസ്എഫിന്‍റെ അധികാര പരിധി വർധിപ്പിച്ചത് പിൻവലിക്കാനും സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതാക്കളുമായും മമതാ ബാനർജി കൂടിക്കാഴ്ച നടത്തും.
അതിർത്തി സംരക്ഷണ സേനയുടെ അധികാര പരിധി 15 കിലോമീറ്ററിൽ നിന്നും 50 കിലോമീറ്ററായി വർധിപ്പിച്ച നടപടിക്കെതിരെ നിയമസഭാ പ്രമേയം പാസാക്കിയ ശേഷമാണ് മമത ഡൽഹിയിൽ എത്തിയിരിക്കുന്നത്. ബിഎസ്എഫിന്‍റെ അധികാര പരിധി 80 കിലോമീറ്ററാക്കി വർധിപ്പിക്കണമെന്നാണ് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആവശ്യം. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കു മേലെയുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമായിട്ടാണ് തൃണമൂൽ വിലയിരുത്തുന്നത്.
കണക്കെണിയിലായ ബംഗാളിന് കേന്ദ്രത്തിൽ നിന്നും സഹായം തേടുകയെന്നതും യാത്രയുടെ പ്രധാന ലക്ഷ്യമാണ്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു ത്രിപുരയിൽ നടക്കുന്ന സംഘർഷത്തിൽ അതൃപ്തി അറിയിക്കും. തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സായോണി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും സുസ്മിത സെൻ എംപിയെ ആക്രമിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധം നേരിട്ട് പ്രകടിപ്പിക്കുകയെന്നതും സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യമാണ്.
സായോണിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു തൃണമൂൽ എംപിമാർ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നിൽ ആറു മണിക്കൂർ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ബിജെപിക്കെതിരെ രാഷ്ട്രീയ ബദൽ ഒരുക്കുന്നതിനായി പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ചയും മമതയുടെ അജണ്ടയിലുണ്ട്. മോദിയും മമതയും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നു ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി വിമർശിച്ചതിന് പിന്നാലെയാണ് മമത പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
Adjust Story Font
16