Quantcast

'ബേഠി ബച്ചാവോ എന്നത് ബേഠി ജലാവോ ആയി മാറി'; ബി.ജെ.പിക്കെതിരെ മമത

ലൈംഗികാതിക്രമ കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം ലഭിച്ചതിലും മമത ബി.ജെ.പിയെ കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    21 July 2023 2:38 PM GMT

Mamata banerjee against bjp on women protection
X

കൊൽക്കത്ത: സ്ത്രീ സുരക്ഷയിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പിയുടെ ബേഠി ബച്ചാവോ (പെൺകുട്ടികളെ രക്ഷിക്കൂ) മുദ്രാവാക്യം ബേഠി ജലാവോ (പെൺകുട്ടികളെ കത്തിക്കൂ) ആയി മാറിയെന്ന് മമത കുറ്റപ്പെടുത്തി. മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി പരസ്യമായി നടത്തിച്ചതും ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ വിമർശനം.

ലൈംഗികാതിക്രമ കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം ലഭിച്ചതിലും മമത ബി.ജെ.പിയെ കുറ്റപ്പെടുത്തി. ''നിങ്ങൾ ബേഠി ബച്ചാവോ മുദ്രാവാക്യം വിളിച്ചു. നിങ്ങളുടെ മുദ്രാവാക്യം ഇപ്പോൾ എവിടെയാണ്? ഇന്ന് മണിപ്പൂർ കത്തുകയാണ്, രാജ്യം മുഴുവൻ കത്തുകയാണ്. നമ്മുടെ സ്ത്രീകളുടെ മാനം കളങ്കപ്പെടുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിങ്ങൾ സ്ത്രീകളെ രാജ്യത്തുനിന്ന് പുറത്താക്കും''- കൊൽക്കത്തയിൽ തൃണമൂലിന്റെ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മമത പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിലാണ് ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ് വ്യാഴാഴ്ച ഡൽഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 15-നാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വെറുതെവിട്ടിരുന്നു.

TAGS :

Next Story