രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി കലാപത്തിന് പദ്ധതിയിടുന്നതായി മമത ബാനർജി
ബിജെപിയുടേതിന് ബദലായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും രാമനവമി ഘോഷയാത്ര നടത്തി
കൊൽക്കത്ത: രാമനവമി പ്രമാണിച്ച് സംസ്ഥാനത്ത് ബിജെപിയും ഹിന്ദുത്വ സംഘടനകളും കലാപം ഉണ്ടാക്കാൻ പദ്ധതിയിടുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ വർഷത്തെ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് അക്രമം ഉണ്ടാവുകയും ഇത് ബിജെപി- തൃണമൂൽ ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ മുന്നറിയിപ്പ്.
"അവർ ഇന്ന് കലാപത്തിൽ ഏർപ്പെടും. കലാപത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. അവർ കലാപത്തിലൂടെയും വോട്ട് കൊള്ളയിലൂടെയും തെരഞ്ഞെടുപ്പ് വിജയിക്കും"- തെരഞ്ഞെടുപ്പ് റാലിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു. ആഘോഷ വേളയിൽ സമാധാനം നിലനിർത്താനും അവർ അഭ്യർഥിച്ചു.
എന്നാൽ, മുഖ്യമന്ത്രി ഭാരതീയ സംസ്‌കാരത്തെയും സനാതന സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, ബിജെപിയുടേതിന് ബദലായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും രാമനവമി ഘോഷയാത്ര നടത്തി. 'വിശാൽ ശോഭാ യാത്ര' എന്ന പേരിലായിരുന്നു നിരവധി സ്ത്രീകളടക്കം പങ്കെടുത്ത പരിപാടി.
നഗരത്തിലെ ന്യൂ ടൗൺ ഏരിയയിൽ നടന്ന ബിജെപി രാമനവമി ഘോഷയാത്രയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പങ്കെടുത്തു. തൃണമൂൽ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയിൽ മന്ത്രി അരൂപ് റോയിയും പാർട്ടിയുടെ ഹൗറ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി പ്രസൂൺ ബാനർജിയും പങ്കെടുത്തു.
ഹിന്ദുത്വ സംഘടനകൾ സംഘടിപ്പിച്ച ഘോഷയാത്രയിൽ നിരവധി പേർ 'ജയ് ശ്രീറാം' മുഴക്കിയും കാവി പതാകകളും വാളുകളും പിടിച്ചാണ് പങ്കെടുത്തത്. സംഘർഷങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ പൊലീസും സുരക്ഷാ സേനയും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
Adjust Story Font
16