ആശ്രയിക്കാൻ കൊള്ളാത്ത പാർട്ടിയെന്ന് മമത; വലിയ വീട്ടിലെ കാരണവരെപ്പോലെയെന്ന് പവാർ- കോൺഗ്രസിനെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികളും
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ മാറ്റി ചരൺ ചിത് സിങ് ഛന്നിയെ നിയോഗിച്ചതും നവജ്യോത് സിദ്ദുവിനെ പിസിസി പ്രസിഡന്റ് ആയി തുടരാൻ അനുവദിച്ചതും ഹൈക്കമാൻഡിനു പറ്റിയ പിഴവാണെന്ന് ജി 23 ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഇതരമുന്നണികൾ ഒന്നിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലേയും പഞ്ചാബിലെയും ദയനീയമായ പരാജയമാണ് കോൺഗ്രസിനെ നിരാശയിലാഴ്ത്തിയത്.
നഷ്ടപ്രതാപത്തെ താലോലിക്കുന്ന വലിയ വീട്ടിലെ കാരണവരെ പോലെയാണ് കോൺഗ്രസ് എന്ന ശരത് പവാറിന്റെ വിമർശനത്തെ ശരിവയ്ക്കുന്ന അനുഭവമാണ് തെരെഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ മുന്നണിക്ക് ഗോവയിൽ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിരുന്നു. കോൺഗ്രസിന്റെ പിടിവാശി മൂലമാണ് സഖ്യം നടക്കാതെ പോയതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസിനെ ആശ്രയിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്ന് ബംഗാൾ മമത ബാനർജി തുറന്നടിച്ചു.
അതേസമയം ഗാന്ധികുടുംബമാണ് കോൺഗ്രസിനെ ഒറ്റകെട്ടായി നിർത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തിറങ്ങി. കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ പറഞ്ഞതിന് ശേഷം കടുത്ത വിമർശനം ഹൈക്കമാൻഡിനു നേരെ ഉയർന്നിട്ടില്ല. പരാജയ കാരണം പഠിച്ചു ,തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നത് എല്ലാ തെരെഞ്ഞെടുപ്പുകൾക്കു ശേഷവും കോൺഗ്രസ് പറയുന്നതാണ്.
ഒരു പാഠവും തോൽവികളിൽ നിന്ന് പഠിച്ചിട്ടില്ലെന്നു വിമത നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ മാറ്റി ചരൺ ചിത് സിങ് ഛന്നിയെ നിയോഗിച്ചതും നവജ്യോത് സിദ്ദുവിനെ പിസിസി പ്രസിഡന്റ് ആയി തുടരാൻ അനുവദിച്ചതും ഹൈക്കമാൻഡിനു പറ്റിയ പിഴവാണെന്ന് ജി 23 ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16