ഡോക്ടറുടെ ഉപദേശം കേട്ടില്ല; വീൽചെയറിൽ ആശുപത്രി വിട്ട് മമത
ഇന്ന് സിലിഗുരിയിൽ മമത സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു
കൊൽക്കത്ത: ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. കാലിനും അരയ്ക്കുമാണ് പരിക്കുള്ളത്. സംഭവത്തെ തുടർന്ന് മമതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഡോക്ടർമാരുടെ ഉപദേശം കേൾക്കാതെ അവർ ആശുപത്രിവിട്ടു.
സിലിഗുരിക്ക് സമീപം സെവോകെ വ്യോമതാവളത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയത്. ജൽപായ്ഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം. ബൈകുന്ദാപൂർ വനമേഖലക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്ടർ ഭീകരമായി കുലുങ്ങാൻ തുടങ്ങിയതോടെ പൈലറ്റ് ഉടൻ തന്നെ നിലത്തിറക്കുകയായിരുന്നു.
പിന്നീട് ബഗ്ദോഗ്രയിൽനിന്ന് മമത വിമാനമാർഗം കൊൽക്കത്തയിലേക്ക് തിരിച്ചു. കൊൽക്കത്തയിലെത്തിച്ച് എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ സ്‌കാനിങ്ങിൽ ഇടതുകാൽ മുട്ടിലെ സന്ധിയിലും അരയിലും പരിക്കുള്ളതായി കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ആശുപത്രിയിൽ തന്നെ കഴിയാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ, ഇതിനു വഴങ്ങാതെ മമത വീട്ടിലേക്ക് മടങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിലിഗുരിയിലെത്തിയതായിരുന്നു മമത. രണ്ടുദിവസത്തെ പരിപാടികൾ കഴിഞ്ഞ് കൊൽക്കത്തയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു സംഭവം.
Summary: Mamata Banerjee defies doctors, leaves hospital in wheelchair after injury during chopper landing
Adjust Story Font
16