'ജൂൺ ഒന്നിലെ ഇൻഡ്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ല'; കാരണം വ്യക്തമാക്കി മമത
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, സമാജ്‍വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം യോഗത്തിനെത്തുന്നുണ്ട്
മമത ബാനര്‍ജി
കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുൻപ് നിശ്ചയിച്ച ഇൻഡ്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാരണം മുന്നണി നേതാക്കളോട് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിനാണ് ഇൻഡ്യ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ജൂൺ ഒന്നിന് ഇൻഡ്യ മുന്നണി യോഗം ചേരുന്നുണ്ട്. ഇതേ ദിവസം ബംഗാളിൽ പത്ത് സീറ്റിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ സംബന്ധിക്കാനാകില്ലെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. പഞ്ചാബിലും ബിഹാറിലും യു.പിയിലുമെല്ലാം അന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും മമത പറഞ്ഞു.
ഒരു ഭാഗത്ത് ചുഴലിക്കാറ്റും പ്രകൃതി ദുരന്തവുമവും മറുഭാഗത്ത് വോട്ടെടുപ്പും നടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിലൊക്കെ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ചുഴലിക്കാറ്റിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. യോഗം ഇവിടെയാണു നടക്കുന്നതെങ്കിലും എന്റെ മനസിൽ ദുരന്തബാധിതരെ കുറിച്ചുള്ള ചിന്തയാകുമെന്നും മമത കൂട്ടിച്ചേർത്തു.
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ തൃണമൂൽ കോൺഗ്രസ് പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുകയെന്ന് നേരത്തെ മമത വ്യക്തമാക്കിയതു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയിരുന്നു. തൂക്കുസഭയ്ക്കുള്ള വഴിതുറയ്ക്കുകയാണെങ്കിൽ അവർ ബി.ജെ.പിക്കൊപ്പവും ചേരാനിടയുണ്ടെന്ന തരത്തിലായിരുന്നു വാർത്തകൾ. പരാമർശം വിവാദമായതോടെ അവർ വിശദീകരണവുമായി രംഗത്തെത്തി. ബി.ജെ.പിക്കെതിരായ ദേശീയസഖ്യത്തോടൊപ്പം താൻ എപ്പോഴുമുണ്ടെന്ന് മമത വിശദീകരിച്ചു.
ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെല്ലാം ജൂൺ ഒന്നിലെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായ എല്ലാ പാർട്ടികളുടെയും തലവന്മാർ യോഗത്തിൽ സംബന്ധിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, സമാജ്‍വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം യോഗത്തിനെത്തും. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തിലുള്ള കെജ്രിവാളിനോട് തിഹാർ ജയിലിൽ തിരിച്ചെത്താൻ കോടതി ആവശ്യപ്പെട്ടത് ജൂൺ രണ്ടിനാണ്. ഇതിനു തൊട്ടുതലേ ദിവസമാണു പ്രതിപക്ഷ നേതാക്കൾ ചർച്ചയ്ക്കിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Summary: Mamata Banerjee won't attend INDIA bloc meeting on June 1
Adjust Story Font
16