Quantcast

പെഗാസസ്: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യമെന്ന് മമതാ ബാനര്‍ജി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    28 July 2021 11:10 AM GMT

പെഗാസസ്: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യമെന്ന് മമതാ ബാനര്‍ജി
X

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.

എന്താണ് പെഗാസസ്? അതിശക്തമായൊരു വൈറസാണത്. നമ്മുടെ സുരക്ഷ അപകടത്തിലാണ്. ഇവിടെ ആര്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. തന്റെ ഫോണ്‍ ഹാക്ക് ചെയ്തു. അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്. പ്രശാന്ത് കിഷോറിന്റെ ഫോണും ഹാക്ക് ചെയ്തു. ഒരു ഫോണ്‍ ഹാക്ക് ചെയ്താല്‍ മറ്റു നിരവധി ഫോണുകളില്‍ നിന്നുകൂടി വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണുള്ളത്. ജീവനെയും സ്വത്തിനെയും സുരക്ഷയേയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണിതെന്നും മമത പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഒരു അന്വേഷണം നടക്കട്ടെ. പക്ഷെ അവര്‍ സത്യത്തെ ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ ഒരു പ്രശ്‌നം ഉന്നയിക്കുകയാണെങ്കില്‍ അവര്‍ അവഗണിക്കും. പക്ഷെ അതിനും ഒരു പരിധിയുണ്ട്-മമത പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തിയത്. ഏതാനും സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇടക്കിടെ കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ബി.ജെ.പിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു പൊതു പ്ലാറ്റ്‌ഫോം ആവശ്യമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത വ്യക്തമാക്കി.

ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ കൂട്ടിയോജിപ്പിച്ച് സഖ്യം രൂപീകരിക്കാനാണ് ശ്രമമെന്ന് മമത പറഞ്ഞു. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്ള ഫലമുണ്ടാക്കാന്‍ സാധിക്കും. പ്രതിപക്ഷനേതാവാകുമോ എന്ന ചോദ്യത്തിന് താന്‍ ഒരു രാഷ്ട്രീയ ജ്യോത്സ്യനല്ലെന്നായിരുന്നു മറുപടി. സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

TAGS :

Next Story