400 അല്ല, ബി.ജെ.പി ആദ്യം 200 സീറ്റെങ്കിലും നേടൂ: മമതാ ബാനർജി
ഈ മാസം ആദ്യത്തിൽ തലയ്ക്ക് മുറിവേറ്റ ശേഷം മമത പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രതികരണം
കൃഷ്ണനഗർ: 400ലേറെ സീറ്റ് നേടാൻ കാമ്പയിൻ നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് വെസ്റ്റ് ബെംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടൂവെന്നാണ് ഞായറാഴ്ച കൃഷ്ണനഗറിൽ ടി.എം.സി സ്ഥാനാർഥി മഹുവ മൊയ്ത്രക്കായി നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അവർ പറഞ്ഞത്.
'400 സീറ്റാണ് ബി.ജെ.പി പറയുന്നത്. 200 സീറ്റെന്ന ബെഞ്ച്മാർക്ക് മറികടക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലേറെ സീറ്റ് നേടാനാണ് അവർ കാമ്പയിൻ നടത്തിയത്. പക്ഷേ 77ൽ നിർത്തേണ്ടിവന്നു' മമത പറഞ്ഞു.
'നിയമപരമായി പൗരത്വമുള്ളവരെ വിദേശിയാക്കാനുള്ള കുതന്ത്രമാണ് സി.എ.എ. സി.എ.എയോ എൻ.ആർ.സിയോ ഞങ്ങൾ വെസ്റ്റ് ബെംഗാളിൽ അനുവദിക്കില്ല' ഈ മാസം ആദ്യത്തിൽ തലയ്ക്ക് മുറിവേറ്റ ശേഷം ആദ്യമായി പങ്കെടുത്ത റാലിയിൽ മമത പറഞ്ഞു.
അതിനിടെ ഇൻഡ്യ മുന്നണി അംഗങ്ങളായ സിപിഎമ്മിനെയും കോൺഗ്രസിനെയും മമത വിമർശിച്ചു. വെസ്റ്റ് ബെംഗാളിൽ ബിജെപിയുമായി കൈകോർക്കുന്നുവെന്നായിരുന്നു വിമർശനം. 'വെസ്റ്റ് ബെംഗാളിൽ ഇൻഡ്യ മുന്നണിയില്ല. സിപിഎമ്മും കോൺഗ്രസും ബെംഗാളിൽ ബിജെപിക്കായി പ്രവർത്തിക്കുകയാണ്' റാലിയിൽ മമത പറഞ്ഞു.
'ബിജെപിക്കെതിരെ ശബ്ദിച്ചതിന് ഞങ്ങളുടെ എംപി മഹുവ മൊയ്ത്രയെ അപകീർത്തിപ്പെടുത്തുകയും ലോക്സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു' അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16