Quantcast

'വേണ്ടിവന്നാൽ തൂക്കിലേറ്റും'; കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ മമത ബാനർജി

കേസില്‍ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും ആവശ്യമെങ്കിൽ പ്രതികളായവരെ തൂക്കിലേറ്റുമെന്നും മമത

MediaOne Logo

Web Desk

  • Updated:

    2024-08-10 11:27:30.0

Published:

10 Aug 2024 11:24 AM GMT

Mamata Banerjee
X

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

കേസില്‍ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും ആവശ്യമെങ്കിൽ പ്രതികളായവരെ തൂക്കിലേറ്റുമെന്നും മമത പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തുണ്ട്.

'ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. തങ്ങളിൽ വിശ്വാസമില്ലെങ്കിൽ അന്വേഷണത്തിന് മറ്റ് ഏജൻസികളെ സമീപിക്കുന്നതിൽ വിരോധമില്ല. സമ​ഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേസ് അതിവേഗ കോടതി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും' മമത വ്യക്തമാക്കി.

പ്രതിഷേധം തുടരുന്നതിനിടയിലും രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരോട് മമത അഭ്യർത്ഥിച്ചു. 'ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തം ഉള്ളതുപോലെ, ആശുപത്രി സൂപ്രണ്ടിനും ഒരു ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും' മമത കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയാണ് വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story