ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
കോൺഗ്രസിനോട് സംഭാഷണം തുടരാൻ നിർദേശിച്ച് ശിവസേന

കൊൽക്കത്ത: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഡൽഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്‍റെ പരാജയത്തിന് കാരണം ആം ആദ്മി പാർട്ടിയും കോൺഗ്രസുമാണെന്നും അവർ കുറ്റപ്പെടുത്തി.
2026ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത മമത തള്ളിക്കളഞ്ഞു. 294 സീറ്റുള്ള സംസ്ഥാന നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് വിജയിക്കുമെന്ന് പാർട്ടി എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിൽ അവർ വ്യക്തമാക്കി.
ഹരിയാന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എഎപിയെയും സഹായിച്ചില്ല. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ബംഗാളിൽ കോൺഗ്രസ് നിലവിലില്ലെന്നും അവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് അണികൾക്കുള്ളിലെ ചേരിപ്പോരും വിഭാഗീയതയും വെച്ചുപൊറുപ്പിക്കില്ലെന്നും അവർ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി പുറത്തുനിന്നുള്ളവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി ശ്രമിച്ചേക്കുമെന്നതിനാൽ സൂക്ഷിക്കണമെന്നും മമത പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം, കോൺഗ്രസ് ഇൻഡ്യാ മുന്നണിയിലെ പ്രധാന പാർട്ടിയായതിനൽ തൃണമൂൽ കോൺഗ്രസ് എല്ലായ്പ്പോഴും അവരുമായി സംഭാഷണം തുടരണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
Adjust Story Font
16