10 ലക്ഷം രൂപ വായ്പ, ഈടില്ല, തിരിച്ചടവ് 15 വര്‍ഷത്തിനകം; വിദ്യാര്‍ഥികള്‍ക്ക് പുതിയ പദ്ധതിയുമായി മമത ബാനര്‍ജി
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്
വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്‍റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.
വായ്പക്ക് ഈട് നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്‍റി നല്‍കുകയെന്നും മമത ബാനര്‍ജി പറഞ്ഞു. യു.ജി, പി.ജി, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠന ആവശ്യങ്ങള്‍ക്കായി വായ്പ ലഭിക്കും. കാര്‍ഡ് ഉപയോഗിച്ച് 10 ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ 15 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയാകും.
രാജ്യത്ത് സ്റ്റുഡന്‍റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ബിഹാറും സമാനമായ പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ബംഗാളിലെ യുവാക്കളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബംഗാളില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മത്സര പരീക്ഷാ കോച്ചിങ് സെന്‍ററുകളില്‍ ചേരുന്നവര്‍ക്ക് അത് ലഭ്യമാക്കുമെന്നും മമത പറഞ്ഞു.
Adjust Story Font
16