കലാപക്കേസ് പ്രതിയെ ബി.ജെ.പി സോണൽ പ്രസിഡന്‍റായി നിയമിച്ചു
പൊലീസുദ്യോഗസ്ഥൻ ഉൾപ്പടെ കൊല്ലപ്പെട്ട കലാപക്കേസിലെ പ്രതിക്കാണ് പദവി നൽകിയത്
കൊല്ലപ്പെട്ട സുബോധ് കുമാർ
ലഖ്നോ: പൊലീസുദ്യോഗസ്ഥൻ ഉൾപ്പടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹർ കലാപക്കേസിലെ മുഖ്യപ്രതിയെ ബി.ജെ.പി സോണൽ പ്രസിഡന്‍റായി നിയമിച്ചു. ഉത്തർ പ്രദേശിലാണ് കലാപക്കേസിലെ പ്രതിയായ പ്രതി സച്ചിൻ അഹ്‌ലവത്തിനെ സോണൽ പ്രസിഡന്‍റായി ബി.ജെ.പി യു.പി ഘടകം നിയമിച്ചത്.
ബുലന്ദ്ഷഹറിൽ ബി.ജെ.പി 31 സോണൽ പ്രസിഡന്‍റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് സച്ചിൻ അഹ്‌ലവത്തിനെയും നിയമിച്ചത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
2018 ഡിസംബർ മൂന്നിന് ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ സിയാന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന സുബോധ് കുമാർ സിംഗ് ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അന്ന് രാവിലെ മഹാവ് ഗ്രാമത്തിലെ വയലിൽ ഒരു പശുവിനെ ചത്ത നിലയിൽ കണ്ടെത്തിതിനെ തുടർന്നാണ് അക്രമം അഴിച്ചുവിട്ടത്. തടിച്ചുകൂടിയ അറുപതോളം പേർ നടപടി ആവശ്യപ്പെട്ട് ചത്തപശുവുമായി ചിങ്ങരാവതി സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ബുലന്ദ്ഷഹറിൽ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.
ബി.ജെ.പിയുടെ നേതാക്കളായ യോഗേഷ് രാജ് അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നൽകിയത്. പശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ മുസ്‍ലീംകൾക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിനിടയിൽ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങിന്റ നേതൃത്വത്തിലുള്ള പൊലീസ് സേന രംഗത്തെത്തി. എന്നാൽ പ്രതിഷേധം കടുപ്പിച്ച അക്രമകാരികൾ പൊലീസിനെ അക്രമിക്കുകയും സുബോധ് കുമാറിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സുബോധിന്റെ റിവോൾവർ ഉപയോഗിച്ച് അയാളെ അക്രമകാരികൾ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിനിടെ പ്രതിഷേധക്കാരിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16