പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
പ്രതിയുടെ പക്കൽ നിന്ന് യൂണിഫോം, ഒരു ജോടി ഷൂ, കാക്കി സോക്‌സ്, മൊബൈൽ ഫോണുകൾ, 21300 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ മേഡ്‌ചൽ മൽകാജ്‌ഗിരി ജില്ലയിലെ വെങ്കടസായി നഗർ സ്വദേശിയായ കുസുമ പ്രശാന്ത് ആണ് അറസ്റ്റിലായത്. 26കാരനായ പ്രതിയെ ഘട്‌കേസർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ ആണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. പ്രതിയുടെ പക്കൽ നിന്ന് യൂണിഫോം, ഒരു ജോടി ഷൂ, ഒരു ജോടി കാക്കി സോക്‌സ്, രണ്ട് മൊബൈൽ ഫോണുകൾ, 21300 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഡ്രൈവറായി ജോലി ചെയ്യുന്ന 40കാരനായ കലകുന്ത്ല പ്രസാദ് എന്നയാളുടെ പരാതിയിലാണ് കുസുമ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ തിങ്കളാഴ്ച യംനാംപേട്ട് എക്‌സ് റോഡിൽ വച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, താൻ യൂണിഫോം ധരിച്ച് റിസർവ്ഡ് സബ് ഇൻസ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തി പൊലീസ് ജോലിക്ക് ആഗ്രഹിക്കുന്ന ആളുകളെ കബളിപ്പിക്കാറുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. പൊലീസ് വകുപ്പിൽ ജോലി ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ ആളുകളിൽ നിന്ന് പണം തട്ടിയത്.
Adjust Story Font
16