ഉത്തര്‍പ്രദേശില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
റൊട്ടിയും സോയാബീനും കഴിച്ചുകൊണ്ടിരുന്ന യുവാവിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. ക്ഷേത്രത്തിന് സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്.
ഗംഗ് നഹര്‍ ഘട്ടിന് സമീപം റൊട്ടിയും സോയാബീനും കഴിച്ചുകൊണ്ടിരുന്ന യുവാവിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തെളിവായി ഹോട്ടല്‍ ബില്ലുമുണ്ട്. കൊല്ലപ്പെട്ട പ്രവീൺ മീററ്റ് സ്വദേശിയാണ്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ്.
പ്രവീണിനൊപ്പം ദേവേന്ദ്ര, വിനോദ് എന്നീ സുഹൃത്തുക്കളും ഉണ്ടായിരുന്നു. മാംസാഹരമല്ല, വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും അക്രമികള്‍ ചെവിക്കൊണ്ടില്ല. മൂവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദനം. മറ്റു രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
അക്രമികളില്‍ ഒരാള്‍ സൈനികനാണ്. നിധിന്‍ എന്നാണ് പേര്. ഇയാള്‍ അവധിക്ക് വന്നതായിരുന്നു. ആകാശ്, അശ്വിനി എന്നിവരാണ് കൂട്ടുപ്രതികള്‍. അക്രമികള്‍ മദ്യപിച്ചിരുന്നുവെന്ന് സിഐ കമലേഷ് നരേന്‍ പാണ്ഡെ അറിയിച്ചു. ഇവര്‍ സ്കൂട്ടറില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികളെ പിടികൂടുകയായിരുന്നു.
Adjust Story Font
16