Quantcast

ബം​ഗാളിൽ രാമനവമി ഘോഷയാത്രയിൽ തോക്കുമായെത്തിയ യുവാവ് അറസ്റ്റിൽ; ബിജെപി പ്രവർത്തകനെന്ന് ആരോപണം; വീഡിയോ

തോക്ക് പിടിച്ച് വാഹനത്തിൽ നിന്ന് തുള്ളുന്ന ഇയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-04-04 11:50:43.0

Published:

4 April 2023 11:45 AM GMT

Man brandishing pistol during Ram Navami rally in Howrah arrested
X

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൗറയിൽ തോക്കുമായി ഘോഷയാത്രയിൽ പങ്കെടുത്ത് യുവാവ്. ഹൗറയിലെ സാൽകിയ സ്വദേശിയായ 22കാരൻ സുമിത് ഷാ ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ഹൗറയിൽ നടന്ന രാമനവമി ​ഘോഷയാത്രയ്ക്കിടെയായിരുന്നു ഇയാൾ തോക്കുമായി എത്തിയത്. തോക്ക് പിടിച്ച് വാഹനത്തിൽ നിന്ന് തുള്ളുന്ന ഇയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് ഇയാൾക്കൊപ്പം വാഹനത്തിലുള്ളത്. ബിഹാറിലെ ബംഗൽമ ജില്ലയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.

പ്രദേശത്ത് കഴിഞ്ഞദിവസം രാമനവമി ​ഘോഷയാത്രയ്ക്കിടെ മുസ്‌ലിംകൾക്കെതിരെ വ്യാപക ആക്രമണമാണ് നടന്നത്. നിരവധി കടകളും വാഹനങ്ങളും അക്രമികൾ അ​ഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തിൽ ഇന്ന് 50ലേറെ പേർ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തോക്കുമായെത്തി ഘോഷയാത്രയിൽ പങ്കെടുത്തയാളെയും പിടികൂടിയിരിക്കുന്നത്.

തോക്കുമായി ഘോഷയാത്രയിൽ പങ്കെടുത്തതായി പ്രതിയായ സുമിത് ഷാ സമ്മതിച്ചു. അതേമയം, സുമിത് ഷാ ബിജെപി പ്രവർത്തകനാണെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

രാമനവമി ആഘോഷത്തിനിടെ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി രം​ഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്ന് മമത ആവശ്യപ്പെട്ടു. സമാധാനം പുലർത്താനും അവർ ആഹ്വാനം ചെയ്തു.

ഈസ്റ്റ് മെദ്‌നിപൂരിലെ കെജൂരിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ശ്രീരാമനു വേണ്ടി സമർപ്പിക്കപ്പെട്ട രാമനവമി ആഘോഷങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം എന്തിനാണ് ഘോഷയാത്ര നടത്തുന്നതെന്ന് മമത ചോദിച്ചു. നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

കലാപകാരികളെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം സംഘടിപ്പിച്ച് ബിജെപി രാമന്റെ നാമത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇന്ന് പുർബ മേദിനിപൂർ ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് അവർ ആരോപിച്ചു.

ഹൂഗ്ലിയിലെയും ഹൗറയിലെയും അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും മമത പറഞ്ഞു. ബംഗാളിൽ അക്രമം അഴിച്ചുവിടാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ കൊണ്ടുവന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിലില്ലാത്തതാണ്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നിർത്തി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയാണ് അവർ ചെയ്യുന്നതെന്നും മമത കൂട്ടിച്ചേർത്തു.






TAGS :

Next Story