'മോദിയെയും അമിത് ഷായെയും നിതീഷ് കുമാറിനെയും വധിക്കും': ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍
ഭീഷണി കോള്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍ ലഭിച്ചെന്ന് ഡല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന് രണ്ട് ഫോണ്‍ കോള്‍ വന്നെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ 10.46നും 10.54നുമാണ് കോള്‍ വന്നത്. ആദ്യത്തെ തവണ 10 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുമെന്നും പറഞ്ഞു. രണ്ടാമത് വിളിച്ച് 2 കോടി രൂപ നല്‍കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര സിങ് പറഞ്ഞു.
പശ്ചിം വിഹാര്‍ മേഖലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും മറ്റ് നാല് ഓഫീസര്‍മാരെയും അവിടേക്ക് അയച്ചു. സുധീര്‍ എന്നയാളുടെ വീട്ടിലാണ് അന്വേഷണം ചെന്നെത്തിയത്. ഇയാള്‍ മദ്യപിച്ചതിന് ശേഷമാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. 10 വയസ്സുള്ള മകന്‍ മാത്രമേ പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ മുതല്‍ സുധീര്‍ മദ്യപിക്കുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. സുധീറിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Summary- The Delhi Police said they received two calls Wednesday from a man who threatened to kill Prime Minister Narendra Modi, Home Minister Amit Shah and Bihar Chief Minister Nitish Kumar
Adjust Story Font
16