ആംബുലൻസ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം റിക്ഷയിൽ കൊണ്ടുപോയി യുവാവ്
60കാരിയായ ലിലോ ദേവിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ശനിയാഴ്ച മരണപ്പെട്ടത്.
റാഞ്ചി: ആംബുലൻസ് കിട്ടാത്തതിനാൽ പോസ്റ്റ്മോർട്ടത്തിനായി മാതാവിന്റെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ആശുപത്രിയിൽ എത്തിക്കേണ്ടിവന്ന് യുവാവ്. ജാർഖണ്ഡിലെ ഗുംലയിലാണ് സംഭവം. നാലു കി.മീ ദുർഘടമായ പാതയിലൂടെയും പാടത്തിലൂടെയും സഞ്ചരിച്ചാണ് യുവാവ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
ആംബുലൻസിന് അധികൃതർ ആവശ്യപ്പെട്ട പണം നൽകാൻ കൈയിലില്ലാതിരുന്നതിനാലാണ് യുവാവ് സ്വന്തം മാതാവിന്റെ മൃതദേഹം തിരികെ ഇത്തരത്തിൽ ആശുപത്രിയിലെത്തിക്കാൻ നിർബന്ധിതനായത്. സാരിയിലും കമ്പിളിയിലുമായി പൊതിഞ്ഞ മാതാവിന്റെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ആളുകൾ കാൽ വയ്ക്കുന്നിടത്ത് വച്ചാണ് ഇദ്ദേഹം കൊണ്ടുപോയത്.
60കാരിയായ ലിലോ ദേവിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ശനിയാഴ്ച മരണപ്പെട്ടത്. മൃതദേഹം വീട്ടിലെത്തിക്കാൻ 500 രൂപയാണ് അധികൃതർ വാങ്ങിയത്. സർക്കാർ സൗജന്യമായി ആംബുലൻസ് സേവനം പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെയാണ് ഇത്രയും പണം ജീവനക്കാർ ഈടാക്കിയത്. എന്നാൽ പൊലീസ് നിർദേശമനുസരിച്ച് പോസ്റ്റ്മോർട്ടത്തിനായി വീണ്ടും ആശുപത്രിയിലെത്തിക്കേണ്ടി വരികയായിരുന്നു.
ഒരു വഴക്കിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയാണ് മരണപ്പെട്ടതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം നിർബന്ധമായതിനാൽ, നടപടിക്രമങ്ങൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവരാൻ പൊലീസ് കുടുംബത്തോട് നിർദേശിച്ചു.
എന്നാൽ ദരിദ്ര കുടുംബത്തിന് മൃതദേഹം തിരികെ കൊണ്ടുപോകാൻ ആംബുലൻസ് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് തുണിയിൽ പൊതിഞ്ഞ് സൈക്കിൾ റിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Adjust Story Font
16