കാറിന്‍റെ ഹെഡ്‌ലൈറ്റ് മുഖത്തേക്കടിച്ചതിനെച്ചൊല്ലി തർക്കം; പൊലീസുകാരന്റെ അടിയേറ്റ് 55-കാരന്‍ മരിച്ചു
പ്രതിയായ നിഖില്‍ ഗുപ്തക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്
നാഗ്പൂർ: നാഗ്പൂരിൽ കാറിന്റെ ഹെഡ് ലൈറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് (എസ്ആർപിഎഫ്) ഉദ്യോഗസ്ഥന്റെ അടിയേറ്റ് 54 കാരൻ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മുരളീധർ രാംറോജി നെവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതിയായ നിഖിൽ ഗുപ്ത (30) മാതാ മന്ദിർ എന്ന സ്ഥലത്ത് സഹോദരിയെ കാണാൻ എത്തിയതായിരുന്നു. കാർ പാർക്കു ചെയ്യുന്നതിനിടെ പ്രദേശവാസിയായ മുരളീധർ രാംറോജി നെവാറിന്റെ മുഖത്ത് ഹെഡ് ലൈറ്റ് പതിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഹെഡ് ലൈറ്റ് ഒഴിവാക്കാന്‍ മുരളീധർ നിഖിലിനോട് ആവശ്യപ്പെട്ടു. ഇത് പ്രതിയായ നിഖിലിന് ഇഷ്ടമായില്ലെന്നും ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തെന്നും പൊലീസ് പറയുന്നു.
വാക്കേറ്റത്തിനിടയിൽ നിഖിൽ മുരളീധറിനെ ശക്തമായി അടിച്ചു. നിലത്തുവീണ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയോടെ മുരളീധർ മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ നിഖില്‍ ഗുപ്തക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16