ദേവീപ്രസാദം പാകം ചെയ്യുന്നതിനിടെ തിളച്ച കഞ്ഞിയിൽ തലകറങ്ങിവീണു; പൊള്ളലേറ്റയാൾ മരിച്ചു
തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തിൽ ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെയായിരുന്നു അപകടം
ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തില്‍ ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ ജൂലൈ 29നായിരുന്നു അപകടം. സാരമായി പൊള്ളലേറ്റ മുത്തുകുമാര്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
ആടി വെള്ളി ഉത്സവത്തിന് പൊതുജനങ്ങള്‍ക്ക് ദേവീപ്രസാദമായി കഞ്ഞി വിതരണം ചെയ്യുന്നത് പതിവാണ്. വലിയ പാത്രങ്ങളില്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ മുത്തുകുമാര്‍ തലകറങ്ങി വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പാത്രത്തില്‍ നിന്ന് ഇയാളെ പുറത്തെടുക്കാനായില്ല. ഒടുവില്‍ പാത്രം മറിച്ചിട്ടാണ് പുറത്തെടുത്തത്. പൊലീസ് അന്വേഷണത്തില്‍ മുത്തുകുമാര്‍ കഞ്ഞിയില്‍ വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Adjust Story Font
16