കളഞ്ഞുകിട്ടിയ ബാഗിൽ 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ; തിരിച്ചേൽപിച്ച് വഴിയാത്രക്കാരൻ
യാത്രക്കാരന് പൊലീസിന്റെ ആദരം
ഭുവനേശ്വർ: റോഡിൽ വീണുകിടന്ന ബാഗ് തുറന്ന് നോക്കിയപ്പോൾ തപസ് ചന്ദ്ര സ്വയിൻ ഞെട്ടി. അതിൽ നിറയെ സ്വർണാഭരണങ്ങൾ. ഒന്നും രണ്ടുമല്ല, 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്. പക്ഷേ ആ സ്വർണം കണ്ട് ആ മനുഷ്യന് കണ്ണുമഞ്ഞളിച്ചില്ല. കുറച്ച് നേരം അവിടെ കാത്തുനിന്ന ശേഷം ബാഗും സ്വർണാഭരണവും പൊലീസിനെ തിരിച്ചേൽപിച്ച് ആ മനുഷ്യൻ വീട്ടിലേക്ക് മടങ്ങി. ഒഡീഷയിലെ സംബാൽപൂരിലാണ് സംഭവം.
പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ അസിസ്റ്റന്റാണ് തപസ് ചന്ദ്ര സ്വയിൻ. തിങ്കളാഴ്ച വൈകിട്ട് എസ്ആർഐടി കോളനിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വർണാഭരണങ്ങളടങ്ങിയ ബാഗ് റോഡിൽ കണ്ടെത്തിയത്.'ആരും വരാതിരുന്നപ്പോൾ ഐന്തപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കും വിളിക്കുകയായിരുന്നു. തുടർന്ന് ഞാനും സുഹൃത്തും സ്റ്റേഷനിലെത്തി സ്വർണം കൈമാറുകയും ചെയ്തു.തപസ് ചന്ദ്ര സെയിൻ പറയുന്നു.
അപ്പോഴേക്കും ബാഗ് നഷ്ടപ്പെട്ട ഭാര്യയും ഭർത്താവും പൊലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. വിവരങ്ങൾ പരിശോധിച്ച ശേഷം ബാഗും ആഭരണങ്ങളും ഇവർക്ക് കൈമാറുകയും ചെയ്തു.
ചൊവ്വാഴ്ച സ്വയിനെ പൊലീസിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു.'സ്വയിനിന് വേണമെങ്കിൽ ആ ആഭരണങ്ങളെടുത്ത് വീട്ടിലേക്ക് പോകാമായിരുന്നു. എന്നാൽ അദ്ദേഹമത് ചെയ്തില്ല. അത് അദ്ദേഹത്തിന്റെ മനസിന്റെ സത്യസന്ധതയാണെന്ന് ' പരിപാടിയിൽ സംസാരിച്ച എസ്.പി ബി ഗംഗാധർ പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതക്ക് പാരിതോഷികമായി ആയിരം രൂപ നൽകുകയും ചെയ്തു. കൂടുതൽ ആളുകൾ ഇദ്ദേഹത്തെ അനുകരിക്കണമെന്നും എസ്.പി പറഞ്ഞു.
Adjust Story Font
16