Quantcast

ലോൺ റിക്കവറി ഏജന്റ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം അയച്ചു; ഭർത്താവ് ജീവനൊടുക്കി

ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി ശല്യം ചെയ്തിരുന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    5 Sep 2023 9:21 AM GMT

Bengaluru,loan agent, loan agent sends wife’s morphed photos in Bengaluru,ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം അയച്ചു,കര്‍ണാടക
X

ബെംഗളൂരു: ലോൺ റിക്കവറി ഏജന്റ് ഭാര്യയുടെ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്തതിനെ തുടർന്ന് 42കാരൻ ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചന്നപട്ടണയിലെ ഷെട്ടിഹള്ളി സ്വദേശിയായ പ്രകാശും ഭാര്യയും മംഗളവാരപ്പേട്ടയിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് കടം വാങ്ങിയിരുന്നു. ലോൺ എടുത്തത് പ്രകാശിന്റെ ഭാര്യയുടെ പേരിലാണ്. ലോണിനായി ഭാര്യയുടെ ഫോൺ നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ ഫിനാൻസ് കമ്പനിക്ക് നൽകിയിരുന്നു.

മാണ്ഡ്യയിലെ മളവള്ളി സ്വദേശിയായ ലോൺ റിക്കവറി ഏജന്റ് കെമ്പരാജു വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ഫോണിൽ വിളിച്ച് സൗഹൃദത്തിലായിരുന്നെന്ന് യുവതി പറയുന്നു. ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി ശല്യം ചെയ്തിരുന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് വിസമ്മതിച്ചതിനാൽ തന്റെ അശ്ലീല ഫോട്ടോകൾ വ്യാജമായി നിർമിച്ച് ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിയുടെ കൈയിൽ നിന്ന് സ്വർണാഭരണവും പണവും ആവശ്യപ്പെട്ടു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും പരാതിയിലുണ്ട്.

എന്നാൽ ആഗസ്റ്റ് 30 ന് മോർഫ് ചെയ്ത ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകാശിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്കും ഐടി ആക്ട് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കും കെമപരാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ചന്നപട്ടണ ടൗൺ പൊലീസ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

TAGS :

Next Story