ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് മരണം: സ്ഫോടകവസ്തു നിറച്ച സമ്മാനം നല്‍കിയത് വധുവിന്‍റെ മുന്‍ ആണ്‍സുഹൃത്ത്
വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനുമാണ് മരിച്ചത്
റായ്പൂര്‍: വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വധുവിന്‍റെ മുന്‍ ആണ്‍സുഹൃത്ത് സര്‍ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഹോം തിയേറ്ററിനുള്ളില്‍ സ്ഫോടകവസ്തു ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഛത്തിസ്ഗഢിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ മ്യൂസിക് സിസ്റ്റം വരന്‍ ഹേമേന്ദ്ര മെരാവി പ്ലഗ് ഇൻ ചെയ്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ രണ്ട് പേര്‍ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹേമേന്ദ്ര മെരാവി സംഭവ സ്ഥലത്തും സഹോദരന്‍ രാജ്കുമാര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു പേര്‍ ചികിത്സയിലാണ്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയുടെ ചുമരും മേൽക്കൂരയും തകർന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോം തിയേറ്റർ സംവിധാനത്തിനുള്ളിൽ ആരോ സ്‌ഫോടകവസ്തുക്കൾ നിറച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി. പിന്നീട് വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വധുവിന്‍റെ മുന്‍ കാമുകനാണ് ഈ സമ്മാനം നല്‍കിയതെന്ന് കണ്ടെത്തി. മുന്‍ കാമുകി മറ്റൊരു വിവാഹം കഴിച്ചതില്‍ ദേഷ്യമുണ്ടെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. ഏപ്രിൽ ഒന്നിനായിരുന്നു ഹേമേന്ദ്ര മെരാവിയുടെ വിവാഹം.
Summary- A newly married man and his brother died on Monday after a home theatre music system exploded. The home theatre with explosives was a gift from the ex-boyfriend of the bride.
Adjust Story Font
16