വളക്കച്ചവടക്കാരന് ആൾക്കൂട്ട മര്‍ദനം; പ്രതിഷേധിച്ചതിന് അറസ്റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി
സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പരത്തുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ച നാലുപേരെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മുസ്‍ലിം വളക്കച്ചവടക്കാരന്‍ ആൾക്കൂട്ട ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ചയാള്‍ക്ക് പാക് ബന്ധമുണ്ടെന്ന് മധ്യപ്രദേശ് മന്ത്രി. ആക്രമണത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരിൽ ഒരാൾക്കാണ് പാക് ബന്ധമുള്ളതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പരത്തുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാലുപേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളക്കച്ചവടക്കാരനുനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിൽ അൽതമഷ് ഖാൻ എന്ന യുവാവിനാണ് മന്ത്രി പാക് ബന്ധം ആരോപിക്കുന്നത്. മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എംഐഎം) പ്രവർത്തകനാണ് യുവാവ്.
അന്വേഷണത്തിനിടെ കണ്ടെത്തിയ തെളിവുകൾ പ്രകാരം അറസ്റ്റിലായ അൽതമഷ് ഖാന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പാകിസ്താനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അധിക്ഷേപകരമായ ഉള്ളടക്കമുള്ള വിഡിയോയും ശബ്ദരേഖയും അടക്കം ഇദ്ദേഹത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വളക്കച്ചവടക്കാരനുനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിനെതിരെ ഇൻഡോർ പൊലീസ് സ്റ്റേഷനുമുൻപിൽ അൽതമഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. ഇതിനു പിറകെയാണ് അൽതമഷിനെയും മുഹമ്മദ് ഇമ്രാൻ അൻസാരി, ജാവേദ് ഖാൻ, സയ്യിദ് ഇർഫാൻ അലി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 20നും 30നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാവരും.
നേരത്തെ, ആൾക്കൂട്ട ആക്രമണത്തെ ന്യായീകരിച്ചും നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ഹിന്ദുവാണെന്ന വ്യാജേന കച്ചവടം നടത്തിയതിനാണ് നാട്ടുകാർ നേരിട്ടതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. ഇൻഡോറിലെ ഗോവിന്ദ് നഗറിൽ ഈ മാസം 22നായിരുന്നു വളക്കച്ചവടക്കാരനായ തസ്‍ലീം അലിയെ ആൾക്കൂട്ടം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എന്നാൽ, സംഭവത്തിനു പിറകെ തസ്‍ലീമിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പോക്‌സോ കേസെടുക്കുകയും ചെയ്തു.
Adjust Story Font
16