കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കി; ആളുമാറി മറ്റൊരാളെ കൊന്നു
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ലഖ്നോ: കാമുകിയുടെ അച്ഛനെയും ഭർത്താവിനെയും കൊല്ലാൻ ഏൽപ്പിച്ച വാടകക്കൊലയാളി ആളുമാറി മറ്റൊരാളെ കൊന്നു. ഉത്തർപ്രദേശിലെ മദേഗഞ്ച് പ്രദേശത്ത് ഡിസംബർ 30നാണ് സംഭവം. മുഹമ്മദ് റിസ്വാൻ എന്ന ടാക്സി ഡ്രൈവറാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു വക്കീൽ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ ആഫ്താബ് അഹമ്മദാണ് മുഖ്യപ്രതി. ഇയാൾ താൻ പ്രണയത്തിലായിരുന്ന യുവതിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ വാടക കൊലപാതകിയെ ഏൽപ്പിച്ചു. എന്നാൽ ഇയാൾ ആളുമാറി നിരപരാധിയായ റിസ്വാനെ വെടിവെച്ചുകൊല്ലുകയായിരുന്നു. കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധവും ബൈക്കും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായി ഡിസിപി റവീണ ത്യാഗി പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ യാസിർ എന്ന വാടകക്കൊലയാളിയെയാണ് ആഫ്താബ് ഏർപ്പാടാക്കിയതെന്ന് മനസിലായി. ഗൂഢാലോചനയിൽ കൃഷ്ണകാന്ത് എന്നയാളും പൊലീസ് പിടിയിലായി. കൊലപാതകത്തിനായി രണ്ട് ലക്ഷം രൂപ ആഫ്താബ് ആദ്യം നൽകിയിരുന്നു. ബാക്കി കൊലക്ക് ശേഷം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ആളുമാറിയതോടെ ബാക്കി തുക നൽകാൻ ഇയാൾ വിസമ്മതിച്ചു. ഇത് അവർക്കിടയിൽ തർക്കത്തിന് വഴിവെച്ചു.
അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി ത്യാഗി കൂട്ടിച്ചേർത്തു.
Adjust Story Font
16