Quantcast

ഭാര്യയെയും മക്കളെയും കൊന്നു, മറ്റൊരാളെ കൊന്ന് താന്‍ മരിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; മൂന്ന് വര്‍ഷത്തിന് ശേഷം യുവാവ് പിടിയില്‍

വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍

MediaOne Logo

Web Desk

  • Published:

    2 Sep 2021 10:11 AM GMT

ഭാര്യയെയും മക്കളെയും കൊന്നു, മറ്റൊരാളെ കൊന്ന് താന്‍ മരിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; മൂന്ന് വര്‍ഷത്തിന് ശേഷം യുവാവ് പിടിയില്‍
X

2018ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പൊലീസ്. ഭാര്യയെയും മക്കളെയും കൊന്ന കേസിലാണ് 34കാരനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വന്തം കുടുംബത്തെ വകവരുത്തുക മാത്രമല്ല, മറ്റൊരാളെ കൊന്ന് താനാണ് മരിച്ചതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിലെ കസ്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ലബോറട്ടറിയിൽ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന രാകേഷ് ആണ് ആ കൊലയാളി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന് പിന്നാലെയാണ് രാകേഷ് ഭാര്യയെയും മക്കളെയും കൊന്നത്. സംഭവത്തില്‍ ആ സ്ത്രീയും പ്രതിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് കുടുംബാംഗങ്ങളും പിടിയിലായി. കുടുംബവും ആ സ്ത്രീയും കൊലപാതകം മറച്ചുവെയ്ക്കാന്‍ യുവാവിനെ സഹായിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പിതാവ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്.

2018 ഫെബ്രുവരിയിലായിരുന്നു സംഭവം. ഭാര്യയെയും 18 മാസവും മൂന്ന് വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെയുമാണ് രാകേഷ് കൊന്നത്. കൊലയ്ക്ക് ശേഷം മൃതദേഹങ്ങൾ വീടിനുള്ളില്‍ കുഴിച്ചിട്ട് സിമന്‍റ് കൊണ്ടുമൂടി. ഭാര്യ തന്‍റെ മക്കളുമായി വീട്ടില്‍ നിന്നും പോയെന്നും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നുമാണ് രാകേഷ് പറഞ്ഞിരുന്നത്. പിന്നാലെ രാകേഷിന്‍റെ ഭാര്യയുടെ അച്ഛന്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനം തുടങ്ങിയ പരാതികളുമായി നോയിഡ പൊലീസിനെ സമീപിച്ചു. വീട് വിട്ടുപോയെന്ന് രാകേഷ് പറഞ്ഞ ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.

ഇതിനിടെ രാകേഷ് താനുമായി സാമ്യമുള്ള ഒരാളെ കൊന്ന് താന്‍ മരിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തലയറുത്ത് കൈകള്‍ വെട്ടിമാറ്റി മൃതദേഹത്തെ രാകേഷിന്‍റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. സമീപത്തായി തിരിച്ചറിയല്‍ കാര്‍ഡ് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം രാകേഷിന്‍റേതല്ലെന്ന് വ്യക്തമായത്. പിന്നാലെയാണ് പൊലീസ് രാകേഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. പാത്തോളജിസ്റ്റ് ആയതിനാല്‍ തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്ന് രാകേഷിന് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിലീപ് ശർമ എന്ന പേരിൽ ഹരിയാനയില്‍ ജീവിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

TAGS :

Next Story