അഴുക്കുചാലിനെ ചൊല്ലി തർക്കം; മധ്യവയസ്കൻ സഹോദരനെ മർദിച്ച് കൊലപ്പെടുത്തി
അഴുക്കുചാലിൽ തടസം സൃഷ്ടിച്ചതായി സഹോദരങ്ങൾ പരസ്പരം ആരോപിച്ചതോടെ ചൊവ്വാഴ്ച തർക്കം ഉടലെടുത്തിരുന്നു.
ഗുരുഗ്രാം: അഴുക്കുചാലിൽ വെള്ളം കെട്ടിനിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മധ്യവയസ്കനും മക്കളും ചേർന്ന് സഹോദരനെ മർദിച്ചു കൊന്നു. ഹരിയാന ഫരീദാബാദിലെ മുജേരി ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.
അഴുക്കുചാലിൽ തടസം സൃഷ്ടിച്ചതായി സഹോദരങ്ങളായ ജില സിങ്ങും നരേന്ദ്രനും പരസ്പരം ആരോപിച്ചതോടെ ചൊവ്വാഴ്ച തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് ഇത് ചെറിയ കൈയാങ്കളിയിലേക്കെത്തി.
പിറ്റേന്ന് രാവിലെ നരേന്ദ്രനും മക്കളായ നവീൻ, ഭൂദേവ്, രാഹുൽ എന്നിവരും ചേർന്ന് ജിലയെയും ഭാര്യ സരിതയെയും മരുമകൾ സീമയേയും മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജില സിങ്ങിനെ ബല്ലബ്ഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ജില സിങ് മരിച്ചു. വീട്ടുകാരുടെ പരാതിയിൽ ഐ.പി.സി 302 (കൊലപാതകം) വകുപ്പ് പ്രകാരം സെക്ടർ 85 പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നവീൻ, ഭൂദേവ്, രാഹുൽ എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരെ കോടതിയിൽ ഹാജരാക്കി. ഒളിവിൽ കഴിയുന്ന നരേന്ദ്രനായി തിരച്ചിൽ നടത്തിവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Adjust Story Font
16