മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 17കാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു
യാസ്മീനുന്നിസയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം പ്രതി തൗഫീഖ് പൊലീസില്‍ കീഴടങ്ങി
ഹൈദരാബാദ്: ഹൈദരാബാദിലെ മുഷീറാബാദില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 17കാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. യാസ്മീനുന്നിസയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം പ്രതി തൗഫീഖ് പൊലീസില്‍ കീഴടങ്ങി.
യാസ്മീനുന്നിസയുടെ പിതാവ് അക്ബര്‍ 10 വര്‍ഷം മുന്‍പ് വികാരാബാദില്‍ നടന്ന തീവണ്ടി അപകടത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് കുട്ടിയുടെ മാതാവ് റഹീമുന്നിസ തൗഫീഖിനെ വിവാഹം കഴിക്കുന്നത്. പിന്നീട്, അവൾ തന്‍റെ രണ്ട് പെൺമക്കളോടൊപ്പം നഗരത്തിലേക്ക് മാറുകയും മുഷീറാബാദിൽ താമസമാക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഓടിച്ചാണ് തൗഫീഖ് ഉപജീവനം നടത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് റഹീമുന്നീസ ജോലിക്കായി ബഹ്റൈനിലേക്ക് പോയി. കുട്ടികളെ തൗഫീഖിന്‍റെ അടുത്താക്കിയാണ് ഗള്‍ഫിലേക്ക് പോയത്. ഒന്‍പതാം ക്ലാസായപ്പോഴേക്കും യാസ്മീനുന്നിസ പഠിത്തം നിര്‍ത്തിയിരുന്നു. ശനിയാഴ്ച രാത്രി ഇവര്‍ ഭക്ഷണത്തിനു ശേഷം ഉറങ്ങുകയായിരുന്നു. ഏകദേശം 3.30 ആയപ്പോള്‍ തൗഫീഖ് ഉണര്‍ന്നപ്പോള്‍ ഫോണില്‍ സംസാരിക്കുന്ന യാസ്മീനുന്നിസയെയാണ് കണ്ടത്. പ്രകോപിതനായ തൗഫീഖ് അവളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും മർദിക്കുകയും ചെയ്തു.
യാസ്മീനുന്നിസയുടെ കരച്ചില്‍ കേട്ട് സഹോദരി നൗസീനുനിസ്സ എഴുന്നേറ്റു വന്നെങ്കിലും തൗഫീഖ് അവളെ തള്ളിമാറ്റി യാസ്‌മീനുന്നിസയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു വാതിലടച്ച് അവളെ അടിക്കുന്നത് തുടർന്നു.കുട്ടി ബോധരഹിതയായി വീഴുന്നതു വരെ മര്‍ദനം തുടര്‍ന്നു. നൗസീനുനിസ്സ ഉടന്‍ തന്നെ ഗാന്ധിനഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസിനെ അറിയിക്കുകയും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് തൗഫീഖ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16