ഓർഡർ ചെയ്തത് 20,000 രൂപയുടെ ഹെഡ്ഫോൺ; കിട്ടിയത് ടൂത്ത് പേസ്റ്റ്!
ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിവിധ സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അതിന് പകരം മറ്റു സാധനങ്ങൾ കിട്ടിയിട്ടുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷ് ഓജ എന്ന ഉപഭോക്താവ്.
ആമസോണിൽ നിന്നാണ് തനിക്ക് പണി കിട്ടിയതെന്ന് ഓജ പറയുന്നു. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണാണ് ഓജ ഓർഡർ ചെയ്തത്. ഹെഡ്ഫോണിനായി കാത്തിരുന്ന ഓജ തനിക്കു കിട്ടിയ പെട്ടി തുറന്നപ്പോൾ ഞെട്ടി. അതിൽ ഹെഡ്ഫോൺ പോയിട്ട് ഒരു ഇയർ ഫോണുമില്ല.
പകരം ലഭിച്ചത് കോൾഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ്. ഓർഡർ ചെയ്ത സാധനത്തിന്റെ അൺബോക്സിങ് വീഡിയോ ഓജ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അടിപൊളി, ഞാൻ ഓർഡർ ചെയ്തത് സോണി എക്സ്.ബി910എൻ ഹെഡ്ഫോൺ, കിട്ടിയത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ്'- ഓജ വീഡിയോയിൽ പറയുന്നു. ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.
സംഭവത്തിൽ ആമസോണിനെതിരെ വിമർശനം ശക്തമായതോടെ മാപ്പ് പറഞ്ഞ് കമ്പനി രംഗത്തെത്തി. "ഓർഡർ ചെയ്തതിനു പകരം തെറ്റായ സാധനം ലഭിച്ചതിൽ ഞങ്ങൾ മാപ്പ് പറയുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഡി.എം സെറ്റിങ്സ് അപ്‌ഡേറ്റ് ചെയ്‌ത് ഡി.എം വഴി ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ഓർഡർ/അക്കൗണ്ട് വിശദാംശങ്ങൾ ഡി.എമ്മിലൂടെ നൽകരുത്. കാരണം അവ വ്യക്തിഗത വിവരങ്ങളാണ്"- പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തയാൾക്ക് ആമസോണിൽ നിന്ന് കടല ലഭിച്ചിരുന്നു. ട്വിറ്റർ ഉപയോക്താവായ അരുൺ കുമാറിനാണ് ഇത്തരമൊരു പണി കിട്ടിയത്. ജൂലൈ അഞ്ചിനാണ് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത്.
പാക്കേജ് ലഭിച്ചപ്പോൾ അരുൺ കുമാർ ഞെട്ടിപ്പോയി. പെട്ടി നേരത്തെ തന്നെ തുറന്നിരുന്നു. ക്യാമറ ലെൻസിന് പകരം അതിൽ കടല വിത്തുകൾ നിറച്ചിരിക്കുന്നു. ഇത് വലിയ തട്ടിപ്പാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
Adjust Story Font
16