കൃത്രിമശ്വാസം നൽകി കുരങ്ങിനെ മരണത്തിൽ നിന്ന് രക്ഷിച്ച് കാർ ഡ്രൈവർ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പരിക്കേറ്റ് ബോധരഹിതനായ കുരങ്ങിനെയാണ് പ്രാഥമികശുശ്രൂഷ നൽകി തമിഴ്‌നാട് സ്വദേശി രക്ഷപ്പെടുത്തുന്നത്
ഒരു കൂട്ടം നായ്ക്കളുടെ കടിയേറ്റ കുരങ്ങൻ കുഞ്ഞിനെ കണ്ടാൽ നിങ്ങൾ എന്തുചെയ്യും. അയ്യോ പാവം എന്ന് പറഞ്ഞ് നോക്കി നിൽക്കുമായിരിക്കും. എന്നാൽ മുറിവേറ്റ് ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കൾ കൂട്ടം ചേർന്ന് കുരങ്ങിനെ കടിച്ചുമുറിവേൽപ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിർത്തുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു. നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോൾ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു. തുടർന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പുറപ്പെട്ടു. യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്. ഉടനെ വണ്ടിനിർത്തി കുരങ്ങിന്റെ നെഞ്ചിൽ അമർത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നൽകുകയുമായിരുന്നു. പെട്ടന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടൻ തന്നെ കുരങ്ങിനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. സുഖം പ്രാപിച്ച കുരങ്ങിനെ വനം വകുപ്പിന് കൈമാറുകയും ചെയ്തു.
2010 ൽ തഞ്ചാവൂരിൽ നിന്ന് പ്രഥമശുശ്രൂഷ കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ് പ്രഭു. മനുഷ്യനെ അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ രക്ഷപ്പെടുത്താമോ അതുപോലെ തന്നെ മൃഗങ്ങളെയും രക്ഷപ്പെടുത്താമെന്ന് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോ് പറഞ്ഞു. ഭക്ഷണത്തിന് വേണ്ടിയാണ് മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് വരുന്നത്. അവർക്ക് കൂടി ഭക്ഷണം നൽകാൻ ശ്രമിച്ചാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കുരങ്ങിനെ പേവിഷബാധയുള്ള നായ ഏതെങ്കിലും കടിച്ചിട്ടുണ്ടെങ്കിൽ പ്രഭുവിനും രോഗം വന്നേക്കാമെന്നും അല്ലാത്ത പക്ഷം പ്രശ്‌നമുണ്ടാകില്ലെന്നും വെറ്റിനറി ഡോക്ടർ പ്രഭാകരൻ പറഞ്ഞു.
There are people who still value every little life on this earth. Here Mr.Prabhu uses the first aid techniques he learned years back to resuscitate a 8 month old macaque which was attacked by a group of dogs
— Sudha Ramen 🇮🇳 (@SudhaRamenIFS) December 13, 2021
His swift action has saved the life of this little fella. @Thiruselvamts pic.twitter.com/bTHhIy5Km9
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ രണ്ടു ലക്ഷത്തിലേറെ പേർ കാണുകയും മൂവായിരത്തിലേറെ പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16