വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ചു; മധ്യപ്രദേശിൽ പിതാവ് മകളെ വെടിവെച്ചു കൊലപ്പെടുത്തി
തനു ഗുർജാർ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്.
ഭോപ്പാൽ: വിവാഹത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ മകളെ പിതാവ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. തനു ഗുർജാർ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് പെൺകുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ചൊവാഴ്ച്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഗുർജാർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വിവാഹത്തിന് താത്പര്യമില്ലന്നും വിക്കി എന്ന യുവാവുമായി പ്രണയത്തിലാണെന്നും തനു വെളിപ്പെടുത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിതാവും ബന്ധുക്കളുമായിരിക്കും ഉത്തരവാദികളെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനായി പൊലീസും പഞ്ചായത്ത് അധികൃതരും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർ കൊല്ലുമെന്ന് ഭയമുണ്ടെന്നും തന്നെ ഏതെങ്കിൽ സർക്കാർ മഹിളാ മന്ദിരത്തിലേക്ക് മാറ്റണമെന്നും പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ മകളുമായി ഒറ്റക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട പിതാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അച്ഛൻ മകളെ വെടിവെക്കുകയുമായിരുന്നു. ബന്ധുവായ രാഹുലും പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു.
പിതാവ് മഹേഷ് സിങ് ഗുർജാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി 18നാണ് തനു ഗുർജാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
Adjust Story Font
16