അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും
സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: അവിഹിത ബന്ധം സംശയിച്ച് മകളെയും അമ്മാവനായ യുവാവിനേയും കഴുത്തറുത്ത് കൊന്ന് പിതാവ്. മകന്റെ സഹായത്തോടെയാണ് ഇയാൾ ഇരുവരേയും വകവരുത്തിയത്. സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിലാണ് സംഭവം.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഡാനിഷ് (35), ഗോണ്ടയിൽ താമസിക്കുന്ന ഷൈന (22) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 4.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ 4.40ന് ഭജൻപുര പൊലീസ് സ്റ്റേഷനിൽ ഒരു കോൾ വന്നു. താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ പറഞ്ഞു.
ഇതോടെ, വടക്കൻ ഗോണ്ടയിലെ ഗാലി നമ്പർ 5ൽ പൊലീസ് സംഘമെത്തി. തുടർന്ന് പ്രതികളായ മുഹമ്മദ് ഷാഹിദ് (46), മകൻ കുദുഷ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷൈനയും ഡാനിഷും അവിഹിത പ്രണയത്തിലാണെന്ന് സംശയിച്ചാണ് പിതാവും മകനും ഇരുവരേയും കൊലപ്പെടുത്തിയതെന്ന് നോർത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു. വലിയ കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം.
ഷൈനയുടെ കൈകളും കാലുകളും ലുങ്കി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ആദ്യം ഡാനിഷിനെയും പിന്നാലെ ഷൈനയെയും കൊലപ്പെടുത്തി. തുടർന്ന് കുദുഷ് പൊലീസിൽ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായും ഡിസിപി അറിയിച്ചു.
Adjust Story Font
16