Quantcast

ജാതി മാറി വിവാഹം; പിന്നാലെ 22കാരനെ കുത്തിക്കൊന്നു

നീരജിനെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ

MediaOne Logo

Web Desk

  • Updated:

    2022-05-21 14:43:33.0

Published:

21 May 2022 2:37 PM GMT

ജാതി മാറി വിവാഹം; പിന്നാലെ 22കാരനെ കുത്തിക്കൊന്നു
X

ഹൈദരാബാദ്: ജാതി മാറിയുള്ള വിവാഹത്തിന് പിന്നാലെ 22 വയസുകാരന്‍ കൊല്ലപ്പെട്ടു. നീരജ് പന്‍വാര്‍ എന്ന യുവാവിനെയാണ് നാലംഗ സംഘം കുത്തിക്കൊന്നത്. നീരജിന്‍റെ ഭാര്യയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഹൈദരാബാദിലെ തിരക്കേറിയ ബീഗം ബസാർ മാർക്കറ്റിലൂടെ ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് രാത്രി 7.30ന് നീരജ് ആക്രമിക്കപ്പെട്ടത്. നീരജിനൊപ്പം പിതാവുമുണ്ടായിരുന്നു. ആയുധധാരികളായ നാല് പേർ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഗുരുതരമായി പരിക്കേറ്റ നീരജിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിൽ കസിന് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് നീരജിന്റെ ഭാര്യ സഞ്ജന മാധ്യമങ്ങളോട് പറഞ്ഞു. നീരജിനെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്നും സഞ്ജന ആവശ്യപ്പെട്ടു.

ഹൈദരാബാദില്‍ 26കാരനായ നാഗരാജുവിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് നീരജിനെയും കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ തിരക്കറിയ റോഡില്‍ വെച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. നീരജ് മാർവാഡി സമുദായത്തിൽ പെട്ടയാളായിരുന്നു, ഭാര്യ സഞ്ജന യാദവ് സമുദായത്തിലും. സഞ്ജനയുടെ കുടുംബത്തിന്‍റെ എതിര്‍പ്പ് നിലനില്‍ക്കെ ഒരു വർഷം ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നു.

കൊലപാതകത്തിൽ സഞ്ജനയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് നീരജിന്‍റെ കുടുംബം പൊലീസിന് മൊഴി നല്‍കി. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് നീരജിന്റെ പിതാവ് ജഗദീഷ് നേരത്തെ അഫ്‌സൽഗഞ്ച് പൊലീസിന് പരാതി നല്‍കിയിരുന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഷാഹിനായത്ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വൈ അജയ് കുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തിരക്കേറിയ മാര്‍ക്കറ്റില്‍ നടന്ന ക്രൂരമായ ആക്രമണം പ്രദേശവാസികളെ ഞെട്ടിച്ചു. നീരജിന്റെ കുടുംബവും സുഹൃത്തുക്കളും ബീഗം ബസാറിലെ വ്യാപാരികളും നീതി ആവശ്യപ്പെട്ട് ഷാഹിനായത്ഗഞ്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കി.

TAGS :

Next Story