മിണ്ടാൻ വിസമ്മതിച്ചതിന് 20കാരിയെ സ്ക്രൂഡ്രൈവർ കൊണ്ട് 51 തവണ കുത്തി കൊലപ്പെടുത്തി യുവാവ്
യുവാവ് എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
റായ്പൂർ: 20കാരിയായ യുവതിയെ 51 തവണ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി യുവാവ്. തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനാണ് അരുംകൊല.
ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (എസ്.ഇ.സി.എൽ) പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു.
യുവാവ് എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പൊടുന്നനെ യുവതിയെ കടുന്നുപിടിച്ച് നിലവിളി പുറത്തുകേൾക്കാതിരിക്കാൻ തലയണ ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ച ശേഷം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.
തുടർന്ന്, പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരിയെയാണ് കണ്ടത്. ജഷ്പൂർ ജില്ലക്കാരനായ പ്രതി മൂന്ന് വർഷം മുമ്പ് ഒരു ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും യുവതി ആ വാഹനത്തിൽ പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതി പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടുവരികയും ചെയ്തു. ഇതിനിടെ യുവതി തന്നോട് ഫോണിൽ സംസാരിക്കുന്നത് നിർത്തി.
ഇതോടെ ഇയാൾ അവളേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനായി നാല് സംഘങ്ങളെ രൂപീകരിച്ചതായും എസ്.പി അറിയിച്ചു.
Adjust Story Font
16