ലൈംഗികബന്ധത്തിനു വിസമ്മതിച്ചു; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്
കൊല്ലപ്പെട്ട ഝാൻസി ഒരു മാസംമുന്‍പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്
ഹൈദരാബാദ്: ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ നഗർകർണൂൽ സ്വദേശിയായ ഝാൻസി(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജാദവത് തരുണിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മേയ് 20ന് ഹൈദരാബാദിലെ ഐ.എസ് സദനിലെ ഖാജാ ബാഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറാണ് തരുൺ. ഝാൻസി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി ഒരു മാസം പിന്നിടുമ്പോഴാണ് കൊലപാതകം.
നേരത്തെ പ്രണയത്തിലായിരുന്ന തരുണും ഝാൻസിയും 2021ലാണ് വിവാഹിതരാകുന്നത്. വിവാഹത്തിനുശേഷം ഇവർ ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവർക്ക് രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 16നാണ് ഝാൻസി ഒരു പെൺകുഞ്ഞിനുകൂടി ജന്മം നൽകുന്നത്.
സംഭവദിവസം രാത്രി തരുൺ ഭാര്യയോട് ലൈംഗികബന്ധത്തിന് താൽപര്യം അറിയിക്കുകയായിരുന്നു. എന്നാൽ, ക്ഷീണിതയാണെന്ന് പറഞ്ഞ് ഝാൻസി ഇതിനു കൂട്ടാക്കിയില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ ഝാൻസി ഉറക്കെ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ ഏറെനേരം ഭാര്യയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു ഇയാൾ. ശ്വാസതടസം നേരിട്ട ഭാര്യ നിലത്ത് ബോധരഹിതയായി വീണു. വായിൽനിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു.
ഭാര്യയെ ഉടൻ ഹൈദരാബാദിലെ ഉവൈസി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ ഝാൻസിയുടെ പിതാവ് നെനാവത് റെകിയയുടെ പരാതിയിൽ സൈദാബാദ് പൊലീസ് കേസെടുത്തു. തരുൺ ഉടൻ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് കുറ്റംസമ്മതിച്ചു. തരുൺ നിലവിൽ ജുഡിഷ്യൽ റിമാൻഡിലാണുള്ളത്.
Summary: Man strangles wife to death for refusing to have sexual intercourse with him in Hyderabad
Adjust Story Font
16