നടക്കാനിറങ്ങിയ മകൻ തിരിച്ചെത്തിയപ്പോൾ കുടുംബം ഒന്നാകെ രക്തത്തിൽ... ഡൽഹിയെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം
മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്നെന്നും ആശംസകൾ അറിയിച്ച ശേഷം രാവിലെ 5ഓടെയാണ് താൻ നടക്കാൻ പോയതെന്നും അർജുൻ
ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കുത്തേറ്റ് മരിച്ചു. സൗത്ത് ഡൽഹി സ്വദേശി രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ അർജുൻ പ്രഭാതസവാരി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിൽ മൂന്ന് പേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. പൊലീസ് സേനയിലാണ് അർജുൻ. ഇയാളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂവരെയും ആദ്യം കാണുന്നത്. ഉടൻ തന്നെ ഇയാൾ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
സമീപത്തെ വീടിന്റെ ബാൽക്കണി വഴിയാണ് പ്രതി വീട്ടിനുള്ളിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരടക്കം എത്തി തെളിവുകൾ ശേഖരിച്ചു. അർജുന്റെയും അയൽക്കാരുടെയും മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
താൻ പോകുന്നത് വരെ വീട്ടിൽ അസ്വാഭാവികമായും ഒന്നും ഉണ്ടായില്ലെന്നാണ് അർജുൻ അറിയിക്കുന്നത്. വീട്ടിൽ മോഷണമോ മറ്റോ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല.
മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്നെന്നും ആശംസകൾ അറിയിച്ച ശേഷം രാവിലെ 5ഓടെയാണ് താൻ നടക്കാൻ പോയതെന്നും അർജുൻ പറയുന്നു. വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് താൻ പോയതെന്നാണ് യുവാവ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16