Quantcast

'എല്ലാ കുടുംബത്തിലും ഇതൊക്കെയുണ്ടാകും': ബി.ജെ.പിയിലെ കലഹത്തെ കുറിച്ച് ത്രിപുര മുഖ്യമന്ത്രി

ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പുതിയ മുഖ്യമന്ത്രി താനാണെന്ന് അറിഞ്ഞതെന്ന് മണിക് സാഹ

MediaOne Logo

Web Desk

  • Published:

    15 May 2022 4:32 PM GMT

എല്ലാ കുടുംബത്തിലും ഇതൊക്കെയുണ്ടാകും: ബി.ജെ.പിയിലെ കലഹത്തെ കുറിച്ച് ത്രിപുര മുഖ്യമന്ത്രി
X

അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് കുമാർ ദേബ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തന്‍റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി മണിക് സാഹ. കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ മുഴുവന്‍ ആളുകളിലേക്കും എത്തിക്കാന്‍ തന്‍റെ ഭരണകൂടം ശ്രദ്ധിക്കുമെന്ന് മണിക് സാഹ പറഞ്ഞു.

ബിപ്ലബ് ദേബുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അവകാശപ്പെട്ട സാഹ, ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് താനാണ് പുതിയ മുഖ്യമന്ത്രിയെന്ന് അറിയുന്നതെന്നും സാഹ പറഞ്ഞു- "എനിക്ക് ബാറ്റൺ കൈമാറിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ബിപ്ലബ് ദേബ് എന്നിവരോട് ഞാൻ നന്ദി പറയുന്നു. ഇത് വലിയ ഉത്തരവാദിത്വമാണ്, എന്‍റെ ചുമതലകൾ അതീവ ശ്രദ്ധയോടെ നിർവഹിക്കും"- മണിക് സാഹ പറഞ്ഞു.

താന്‍ ബി.ജെ.പിയില്‍ എത്തിയതിനെ കുറിച്ച് മണിക് സാഹ പറഞ്ഞതിങ്ങനെ- "ഞാൻ 2016ൽ ബിജെപിയിൽ ചേർന്നു. ബൂത്ത് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംസ്ഥാനതല മെമ്പർഷിപ്പ് ഡ്രൈവിന്റെയും ചുമതലക്കാരനായി പ്രവർത്തിച്ചു. 3 ലക്ഷം പേരെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കണമെന്നാണ് പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാൻ പാർട്ടിയിൽ ഇരട്ടി ആളുകളെ ചേർത്തു".

ഏൽപ്പിച്ച ജോലികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും 2020ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായ ശേഷം താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തിയെന്നും സാഹ പറഞ്ഞു- "എന്റെ പ്രകടനത്തിൽ പാർട്ടി നേതൃത്വം സന്തുഷ്ടരാണെന്ന് ഞാൻ കരുതുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതാണ്. അത് കർശനമായി ഉറപ്പാക്കും".

ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലെ കലഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സാഹ പറഞ്ഞതിങ്ങനെ- "ബിജെപി ഒരു കുടുംബം പോലെയാണ്. എല്ലാ കുടുംബങ്ങളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നു. അത് പരിഹരിക്കപ്പെടും."

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്നാണ് അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് വിട്ടാണ് സാഹ ബി.ജെ.പിയിലെത്തിയത്. ത്രിപുരയിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഡോക്ടർ മാണിക് സാഹ അധികാരം ഏറ്റെടുത്തപ്പോൾ വലിയ പ്രതിഷേധമാണ് ത്രിപുര ബി.ജെ.പിയിൽ ഉള്ളത്. ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപന ചടങ്ങിൽ മന്ത്രി രാം പ്രസാദ് പോൾ കസേര എടുത്തെറിയുകയും എം.എൽ.എമാർ തമ്മിൽ കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നു. ഉപ മുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാത്തതിലാണ് മന്ത്രി രാം പ്രസാദ് പോൾ ഉൾപ്പടെയുള്ള നേതാക്കൾക്ക് അമർഷം. എതിർപ്പുകൾക്കിടയിലും ദേശീയ നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമാണ് സാഹ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെയേ സമയമുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ഉത്തരാഖണ്ഡിലും ഗുജറാത്തിലും പയറ്റിയ തന്ത്രം ത്രിപുരയിലും ആവർത്തിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്.

TAGS :

Next Story